പൈലറ്റുമാരും വിമാന ജീവനക്കാരും പെര്‍ഫ്യൂം ഉപയോഗിക്കുന്നത് വിലക്കിയേക്കും; കാരണം വിശദമാക്കി അധികൃതര്‍

By Web Team  |  First Published Oct 3, 2023, 8:55 AM IST

വിമാനത്തിലെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന  രാജ്യത്തെ വിമാന കമ്പനികളും സിവില്‍ വ്യോമയാന ഡയറക്ടറേറ്റും നിലവില്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ട്. ഇതില്‍ തെറ്റായ ഫലം ലഭിക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം


ന്യൂഡല്‍ഹി: വിമാന ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയേക്കും. ഡ്യൂട്ടിയില്‍ കയറുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ തെറ്റായി പോസിറ്റീവ് ഫലം വരുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം. പെര്‍ഫ്യൂമുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം വിലക്കിക്കൊണ്ടുള്ള കരട് നിര്‍ദേശം സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്  മുന്നോട്ടുവെച്ചിട്ടുണ്ട്.

"മൗത്ത് വാഷുകള്‍, ടൂത്ത് ജെല്ലുകള്‍, പെര്‍ഫ്യൂം എന്നിങ്ങനെയുള്ളതോ, അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതോ ആയ മരുന്നുകളും  ബ്രെത്ത്അനലൈസര്‍  പരിശോധനയില്‍ പോസിറ്റീവ് ഫലം നല്‍കാന്‍ സാധ്യതയുള്ള മറ്റ് ഉത്പന്നങ്ങളും  വിമാന ജീവനക്കാര്‍ ആരും ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ വിമാനത്തിലെ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് കമ്പനിയുടെ ഡോക്ടറെ സമീപിക്കണം" എന്നാണ് പുതിയ കരട് നിര്‍ദേശത്തിലുള്ളതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇതൊരു കരട് നിര്‍ദേശം മാത്രമാണെന്നും ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കായി പൊതുസമൂഹത്തിന് മുന്നില്‍ വെച്ചിരിക്കുകയാണെന്നും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് മേധാവി അഭിപ്രായപ്പെട്ടു.

Latest Videos

undefined

Read also: ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെന്ന് വിമാനക്കമ്പനി

വിമാനത്തിലെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന  രാജ്യത്തെ വിമാന കമ്പനികളും സിവില്‍ വ്യോമയാന ഡയറക്ടറേറ്റും നിലവില്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ട്. യാത്ര ആരംഭിക്കുന്ന വിമാനത്താവളത്തില്‍ വെച്ചാണ് ഈ പരിശോധന നടക്കുന്നത്. ഒരിക്കല്‍ പോസിറ്റീവായാല്‍ അതേ ഉപകരണം ഉപയോഗിച്ചോ മറ്റൊരു ഉപകരണത്തിലോ ഒരിക്കല്‍ കൂടി പരിശോധന നടത്താന്‍ ജീവനക്കാര്‍ക്ക് ആവശ്യപ്പെടാമെന്ന് നിയമം പറയുന്നു. ഇത്തരത്തിലുള്ള രണ്ട് പരിശോധനകള്‍ക്ക് ഇടയില്‍ അനുവദിച്ചിരിക്കുന്ന പരമാവധി സമയം 20 മുതല്‍ 25 മിനിറ്റുകള്‍ വരെയാണ്. ഈ സമയത്തിനുള്ളില്‍ മുഖം കഴുകാനും വായ വൃത്തിയാക്കാനും ആവശ്യമെങ്കില്‍ അവസരം നല്‍കും. എന്നാല്‍ ആഫ്റ്റര്‍ ഷേവ് ലോഷനുകളും മൗത്ത് വാഷുകളും പെര്‍ഫ്യൂമുകളും ഉപയോഗിക്കുന്നത് കാരണം പരിശോധനയില്‍ തെറ്റായ പോസിറ്റീവ് ഫലം കാണിക്കുന്നതായി പൈലറ്റുമാര്‍ പരാതിപ്പെടാറുണ്ട്.

ബ്രെത്ത്അനലൈസര്‍ പരിശോധനയില്‍ ഒരിക്കല്‍ പരാജയപ്പെട്ടാല്‍ നിയമപ്രകാരം ജീവനക്കാരന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‍പെന്‍ഡ് ചെയ്യപ്പെടും. രണ്ടാമത് ഒരിക്കല്‍ കൂടി മദ്യപിച്ചതിന് പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് വിലക്ക് മൂന്ന് വര്‍ഷമായി മാറും. മൂന്നാമതും പരാജയപ്പെട്ടാല്‍ ലൈസന്‍സ് സ്ഥിരമായി സസ്‍പെന്‍ഡ് ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!