ഇന്ത്യയുടെ തേജസ് ജെറ്റ് വിമാനങ്ങൾക്ക് വൻ ഡിമാൻഡ്; ക്യൂ നിന്ന് രാജ്യങ്ങൾ

By Web Team  |  First Published Dec 9, 2023, 12:58 PM IST

ഉയർന്ന അപകടസാധ്യതയുള്ള അന്തരീക്ഷത്തിലും പ്രവർത്തിക്കാൻ ശേഷിയുള്ള ഒറ്റ എഞ്ചിൻ മൾട്ടി-റോൾ യുദ്ധവിമാനമാണ് തേജസ്.


ന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനങ്ങൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച്  നൈജീരിയ, ഫിലിപ്പീൻസ്, അർജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങൾ . ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സിബി അനന്തകൃഷ്ണൻ ആണ് ഇക്കാര്യം അറിയിച്ചത്. ചൈനയുടെ ജെഎഫ്-17 ജെറ്റ്, ദക്ഷിണ കൊറിയയുടെ എഫ്‌എ-50, റഷ്യയുടെ മിഗ്-35, യാക്ക്-130 എന്നിവയിൽ നിന്നുള്ള കടുത്ത മത്സരത്തിനിടയിലാണ് തേജസിന്റെ നേട്ടം.
 
ഉയർന്ന അപകടസാധ്യതയുള്ള അന്തരീക്ഷത്തിലും പ്രവർത്തിക്കാൻ ശേഷിയുള്ള ഒറ്റ എഞ്ചിൻ മൾട്ടി-റോൾ യുദ്ധവിമാനമാണ് തേജസ്. വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണം എന്നിവയ്ക്ക് ഉതകുന്ന രീതിയിലാണ് വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചൈനയുടെ ജെഎഫ്-17 കോംബാറ്റ് എയർക്രാഫ്റ്റിനെ അപേക്ഷിച്ച് തേജസ് മാർക്ക് 1എ ജെറ്റിന് മികച്ച എഞ്ചിൻ, റഡാർ സംവിധാനം, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് എന്നിവയുണ്ട്. വിഷ്വൽ റേഞ്ച് മിസൈൽ, എയർ-ടു-എയർ ഇന്ധനം നിറയ്ക്കുന്ന സംവിധാനം എന്നിവ   തേജസ് എംകെ-1എയിൽ സജ്ജീകരിച്ചിരിക്കുന്നു.

രാജ്യത്ത് ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികളാണ് കേന്ദ്രം ആവിഷ്ക്കരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 15,920 കോടി രൂപയിലെത്തി.  പ്രതിരോധ ഉൽപ്പന്ന നിർമാണത്തിൽ 1.75 ലക്ഷം കോടി രൂപയുടെ (25 ബില്യൺ യുഎസ് ഡോളർ) വിറ്റുവരവാണ് രാജ്യം ലക്ഷ്യമിടുന്നത്. 2021 ഫെബ്രുവരിയിൽ, ഇന്ത്യൻ വ്യോമസേനയ്‌ക്കായി 83 തേജസ് എംകെ-1എ ജെറ്റുകൾ വാങ്ങുന്നതിനായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം 48,000 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. വ്യോമസേനയ്‌ക്കായി 97 തേജസ് ജെറ്റുകളുടെ അധിക ബാച്ച് വാങ്ങാൻ കഴിഞ്ഞ മാസം മന്ത്രാലയം പ്രാഥമിക അനുമതി നൽകിയിട്ടുണ്ട്.
 

click me!