ഒപെകിൽ തമ്മിലടി? എണ്ണ വില താഴേക്ക്

By Web Team  |  First Published Nov 23, 2023, 2:04 PM IST

ഒപെകിന്റെ യോഗം മാറ്റി വച്ചതോടെ ആഗോള വിപണിയിൽ  എണ്ണ വില 4% ഇടിഞ്ഞു.


സംസ്‌കൃത എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാവി നടപടികളെക്കുറിച്ചുള്ള ചർച്ചകൾക്കായി ചേരാനിരുന്ന എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗം മാറ്റി വച്ചതോടെ ആഗോള വിപണിയിൽ  എണ്ണ വില 4% ഇടിഞ്ഞു.ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളറിന് താഴെയെത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചർ വില  4.1 ശതമാനം കുറഞ്ഞ് ബാരലിന് 79.06 ഡോളറായി.

ഒപെക് യോഗം  നവംബർ 30 ലേക്കാണ് നീട്ടിയത്. അതേ സമയം യോഗം മാറ്റിവയ്ക്കാനുള്ള കാരണമൊന്നും ഒപെക് വ്യക്തമാക്കിയിട്ടില്ല. രാജ്യാന്തര വിപണിയിലെ എണ്ണ വിലയിടിവ് പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യ, റഷ്യ എന്നീ രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി യോഗം മാറ്റിവച്ചത്. ഒപെക്   അംഗങ്ങൾക്കിടയിലെ അധിക ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ നില നിൽക്കുന്നുണ്ടെന്നാണ് സൂചന.  ഉൽപ്പാദനം കുറച്ച് വില കൂട്ടണമെന്നുള്ള നിലപാട് അംഗീകരിക്കാൻ അംഗോളയും നൈജീരിയയും വിമുഖത പ്രകടിപ്പിക്കുന്നതും ഒപെകിന് തിരിച്ചടിയാണ്.

 ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറയുന്നതാണ് ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലിനുള്ള മറ്റൊരു പ്രധാന കാരണം.  റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി കാരണം ദുർബലമായ ഡീസൽ ഉപയോഗം മൂലം , 2024 ന്റെ ആദ്യ പകുതിയിൽ ചൈനയുടെ എണ്ണ ഡിമാൻഡ് വളർച്ച ഏകദേശം 4% ആയി കുറയാൻ സാധ്യതയുണ്ട്. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് എണ്ണവിലയിലെ ചാഞ്ചാട്ടത്തിനുള്ള മറ്റൊരു കാരണം. ഇസ്രയേൽ-ഹമാസ് സംഘർഷം മൂലം  വില ഉയർന്നെങ്കിലും വെടിനിർത്തൽ പ്രഖ്യാപിച്ചത് വില എണ്ണ വില കുറയാനിടയാക്കും.

tags
click me!