പുതിയ നിയമ പ്രകാരം ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ റസിഡന്‍റ് ആയി കണക്കാക്കും
ആദായ നികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ പ്രകാരം കുറഞ്ഞ നികുതിയോ, പൂജ്യം നികുതിയോ ക്ലെയിം ചെയ്ത എന്‍ആര്‍ഐ ആയ ചില വ്യക്തികള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഫോം 10 എഫ് നല്‍കാത്തതിനെ തുടര്‍ന്നാണ് ആദായ നികുത വകുപ്പിന്‍റെ നടപടി. ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ പ്രകാരം നികുതി ഒഴിവാക്കി കിട്ടുന്നതിന് ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റും, ഫോം 10 എഫും നിര്‍ബന്ധമായി സമര്‍പ്പിക്കണം. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഏത് സമയത്തും ഈ ഫോം പൂരിപ്പിക്കാവുന്നതാണ്. നിലവിലുള്ള ഇന്ത്യന്‍ നികുതി നിയമമനുസരിച്ച്, ഫോം 10എഫ് ഫയല്‍ ചെയ്യുന്നതിന് സമയപരിധിയില്ല, കൂടാതെ പാന്‍ കാര്‍ഡ് ഉള്ളതോ ഇല്ലാത്തതോ ആയ എല്ലാ എന്‍ആര്‍ഐകള്‍ക്കും ഇത് ഓണ്‍ലൈന്‍ ആയി ഫയല്‍ ചെയ്യാന്‍ കഴിയും. ടാക്സ് റെസിഡന്‍സി സാക്ഷ്യപ്പെടുത്തി നികുതി വകുപ്പ് നല്‍കുന്ന രേഖയാണ് ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ്. നികുതി ഇളവുകള്‍ നേടുന്നതിനും, കുറഞ്ഞ നികുതി സ്ലാബില്‍ ഉള്‍പ്പെടുന്നതിനും വേണ്ടി പ്രവാസികള്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് ആണിത്. കൂടാതെ ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് ഉള്‍പ്പെടെ , ഫോം നമ്പര്‍ 10 എഫ് ഇ-ഫയലിംഗ് ഐടിആര്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം
ഇരട്ട നികുതി ഒഴിവാക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് കരുതുക..അത് രണ്ട് രീതിയിലാണ് പ്രവാസികളെ ബാധിക്കുക. ഒന്ന് ഏത് രാജ്യത്താണോ താമസിക്കുന്നത്, ആ രാജ്യത്തെ നിയമം അനുസരിച്ചുള്ള ആദായ നികുതി അടയ്ക്കേണ്ടി വരും, അതിന് പുറമേ ഇന്ത്യയിലും ആദായ നികുതി അടയ്ക്കാന്‍ ആ വ്യക്തി ബാധ്യസ്ഥനാണ്. ഇരട്ട നികുതിയൊഴിവാക്കാന്‍ വേണ്ടി ഇന്ത്യ 90ഓളം രാജ്യങ്ങളുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. യുഎസ്എ, യുകെ, കൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
പുതിയ നിയമ പ്രകാരം ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ റസിഡന്‍റ് ആയി കണക്കാക്കും. ഇവര്‍ ഇന്ത്യയില്‍ നികുതി അടയ്ക്കേണ്ടിവരും. പ്രധാനമായും, ഇന്ത്യയ്ക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമേ നികുതിക്ക് വിധേയമാകൂ, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം നിയമത്തിന്‍റെ പരിധിയില്‍ വരില്ല. ഒരു നികുതി വര്‍ഷത്തില്‍ കുറഞ്ഞത് 182 ദിവസമെങ്കിലും ഇന്ത്യയില്‍ ചെലവഴിച്ചാല്‍ അല്ലെങ്കില്‍ ഒരു നികുതി വര്‍ഷത്തില്‍ 60 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ ഉണ്ടായിരുന്നാല്‍, കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 365 ദിവസമോ അതില്‍ കൂടുതലോ താമസിച്ചിട്ടുണ്ടെങ്കില്‍, ഒരു വ്യക്തിയെ നികുതി അടയ്ക്കേണ്ട റസിഡന്‍റായി കണക്കാക്കും