ഷഹബാസ് കൊലക്കേസ്; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കേസില്‍ മുതിര്‍ന്നവരുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിക്കും.

Shahbaz murder case family to meet Chief Minister Pinarayi Vijayan today

കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. മകനെ മർദിച്ച് കൊലപ്പെടുത്തിയതിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഇന്ന് കോഴിക്കോടെത്തുന്ന മുഖ്യമന്ത്രിയെ കാണുന്നത്. സംഭവത്തിൽ മുതിർന്നവർക്ക് കൂടി പങ്കുണ്ടെന്നാണ് കുടുംബം ആവർത്തിച്ച് പറയുന്നത്.

എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായിരുന്നു. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചു. നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ നിലനിർത്താൻ ആയത്. കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. 

Latest Videos

തലയോട്ടി തകർന്നാണ് ഷഹബാസിൻറെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 5 പേരെ മാത്രമാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. എന്നാൽ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കുണ്ടെന്നാണ് ഷഹബാസിൻ്റെ പിതാവിൻ്റെ ആരോപണം.  ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പ്രധാന പ്രതിയുടെ വീട്ടിൽ നിന്ന് ഷഹബാസിനെ അടിക്കാൻ ഉപയോഗിച്ച ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ ആദ്യം ആളുണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാരെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തു. റിമാൻറിലായ അഞ്ച് വിദ്യാർത്ഥികളുടേയും വീട്ടിൽ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്. 

Read More: ഷഹബാസ് കൊലപാതകം; ഊമക്കത്ത് ലഭിച്ചത് തപാലിൽ, അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്, അന്വേഷണം തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!