മുകേഷ് അംബാനിയുടെ മൂന്ന് മക്കള്‍ക്കും ശമ്പളമില്ല; പ്രതിഫല വ്യവസ്ഥകള്‍ വിശദീകരിച്ച് ഓഹരി ഉടമകള്‍ക്ക് അറിയിപ്പ്

By Web Team  |  First Published Sep 27, 2023, 12:12 PM IST

കഴിഞ്ഞ മാസം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ മൂന്ന് മക്കളെയും കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതായി അറിയിച്ചിരുന്നു.


മുംബൈ: റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ മൂന്ന് മക്കളെയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയെങ്കിലും മൂവര്‍ക്കും ശമ്പളമൊന്നും നല്‍കില്ല. പകരം ബോര്‍ഡ്, കമ്മിറ്റി മീറ്റിങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസും കമ്മീഷനും മാത്രമായിരിക്കും നല്‍കുക. മൂവരുടെയും നിയമനത്തിന് അംഗീകാരം നേടാനായി ഓഹരി ഉടമകള്‍ക്ക് അയച്ച പ്രമേയത്തിലാണ് ഇക്കാര്യം കമ്പനി വിശദമാക്കിയിരിക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും 2020 - 21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനിയില്‍ നിന്ന് ശമ്പളം വാങ്ങാറില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖില്‍, ഹിടല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അലവന്‍സുകളും കമ്മീഷനും നല്‍കുന്നുണ്ട്. മുകേഷ് അംബാനിയുടെ ഇരട്ടക്കുട്ടികളായ ആകാശ്, ഇഷ എന്നിവര്‍ക്കും മൂത്ത മകന്‍ ആനന്ദിനും ബോര്‍ഡ്, കമ്മിറ്റി മീറ്റിങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസും കമ്പനി നേടുന്ന ലാഭത്തിന് അനുസരിച്ചുള്ള കമ്മീഷനുമായിരിക്കും നല്‍കുക.

Latest Videos

undefined

2014ല്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ കമ്പനി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ (2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ) മാത്രം മീറ്റിങുകളില്‍ പങ്കെടുക്കാനുള്ള സിറ്റിങ് ഫീസായി ആറ് ലക്ഷം രൂപയും കമ്മീഷനായി രണ്ട് കോടി രൂപയുമാണ് നിത അംബാനി വാങ്ങിയത്. നിത അംബാനിയെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നിശ്ചയിച്ചിരുന്ന അതേ വ്യവസ്ഥകളില്‍ തന്നെയാണ് മൂന്ന് മക്കളെയും ഇപ്പോള്‍ കമ്പനി ബോര്‍ഡിന്റെ ഭാഗമാക്കിയിരിക്കുന്നത്.

Read also: അതിസമ്പന്നരുടെ വിവാഹ വേദി; ഉദയ്പൂരിലെ ലീലാ പാലസില്‍ ഒരു രാത്രിക്ക് നൽകേണ്ടത് എത്ര?

കഴിഞ്ഞ മാസം നടന്ന കമ്പനി ഓഹരി ഉടമകളുടെ യോഗത്തിലാണ് 66 വയസുകാരനായ മുകേഷ് അംബാനി തന്റെ മൂന്ന് മക്കളെയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ഒപ്പം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി കമ്പനിയുടെ ചെയര്‍മാന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവികള്‍ താന്‍ തന്നെ വഹിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത തലമുറ നേതൃത്വത്തെ ശാക്തീകരിക്കുകയും കമ്പനിയുടെ വളര്‍ച്ചയ്ക്കായി പര്യാപ്തമാക്കുകയും ചെയ്യുകയെന്ന ദൗത്യമാണ് ഈ കാലയളവില്‍ തനിക്ക് നിര്‍വഹിക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവില്‍ മുകേഷ് അംബാനിയുടെ മുന്ന് മക്കളെയും കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തിന്റെ അംഗീകാരത്തിനായി ഓഹരി ഉടമകള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയച്ചുകൊടുത്തിരിക്കുകയാണ്. 

"ബോര്‍ഡ് മീറ്റിങുകളിലും കമ്മിറ്റികളും ബോര്‍ഡ് നിശ്ചയിക്കുന്ന മറ്റ് യോഗങ്ങളിലും പങ്കെടുക്കുന്നതിനുള്ള  ഫീസായും ബോര്‍ഡില്‍ പങ്കാളിയാകാനുള്ള ചെലവുകളായും ലാഭം അടിസ്ഥാനപ്പെടുത്തിയുള്ള കമ്മീഷനായും ആയിരിക്കും അവര്‍ക്ക് പ്രതിഫലം നല്‍കുക" എന്നാണ് ഓഹരി ഉടമകള്‍ക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പില്‍ പറയുന്നത്. മക്കളെ തന്റെ സ്ഥാപനങ്ങളുടെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് 2022ലാണ് മുകേഷ് അംബാനി പ്രസ്താവിച്ചത്. അകാശ് അംബാനിയെ ടെലികോം ബിസിനസിന്റെയും ഇഷ അംബാനിയെ റീട്ടെയില്‍ ബിസിനസിന്റെയും ആനന്ദ് അംബാനിയെ ന്യൂ എനര്‍ജി ബിസിനസുകളുടെയും തലപ്പത്ത് എത്തിക്കാനുള്ള പദ്ധതിയാണ് അദ്ദേഹം കൊണ്ടുവന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!