ഒടിപിയും ലിങ്കും ഒന്നുമില്ല എന്നിട്ടും പോയി ഒരു ലക്ഷം; അധ്യാപികയുടെ പണം പോയതെങ്ങനെ? ഉത്തരം തേടി പൊലീസ്

By Web Team  |  First Published Nov 26, 2023, 12:31 PM IST

ഫോണ്‍ പേയിലേക്ക് ഒരു സന്ദേശം വന്നു. പണം അയച്ചിട്ടുണ്ടെന്ന് പറഞ്ഞു.


ഒടിപി ചോദിക്കുകയോ ലിങ്ക് അയക്കുകയോ ചെയ്യാതെ തട്ടിപ്പുകാരന്‍ അധ്യാപികയുടെ അക്കൗണ്ടിലെ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. അച്ഛന്‍റെ അടുത്ത സുഹൃത്തെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചതിന് ശേഷമാണ് പണം നഷ്ടമായതെന്ന് 43കാരി പറഞ്ഞു. ബംഗളൂരുവിലാണ് സംഭവം നടന്നത്. 

ബുധനാഴ്ച വൈകിട്ട് 4.45 നും 5 നും ഇടയിലാണ് പണം നഷ്ടമായതെന്ന് അധ്യാപിക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു- "ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വാഹനമോടിച്ച് പോകുമ്പോള്‍  ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നു. വിളിച്ചയാള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. എന്റെ അച്ഛന്‍റെ സുഹൃത്തായ ചാർട്ടേഡ് അക്കൗണ്ടന്‍റാണെന്നാണ് പറഞ്ഞത്. എന്റെ അക്കൗണ്ടിലേക്ക് കുറച്ച് പണം അയക്കാൻ അച്ഛൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. യുപിഐ ഐഡി തരാമോയെന്നും ചോദിച്ചു. ഞാനയാള്‍ക്ക് ഐഡി നല്‍കി. തുടര്‍ന്ന് ഫോണ്‍ പേയിലേക്ക് ഒരു സന്ദേശം വന്നു. പണം അയച്ചിട്ടുണ്ടെന്നും പറഞ്ഞു". 

Latest Videos

undefined

പണം വന്നോയെന്ന് പരിശോധിക്കാൻ വിളിച്ചയാള്‍ ആവശ്യപ്പെട്ടെന്ന് അധ്യാപിക പറഞ്ഞു. അപ്പോള്‍ രണ്ട് തവണ 25,000 രൂപ വീതവും ഒരു തവണ 50000 രൂപയും ഒടിപി ഇല്ലാതെ തന്നെ തന്‍റെ അക്കൌണ്ടില്‍ നിന്ന് നഷ്ടമായെന്ന് അധ്യാപിക പറയുന്നു. തനിക്ക് ലിങ്ക് ഒന്നും വന്നിട്ടില്ല. എന്നാല്‍ താന്‍ അയച്ച ടെക്സ്റ്റ് സന്ദേശത്തില്‍ ക്ലിക്ക് ചെയ്യാന്‍ വിളിച്ചയാള്‍ നിര്‍ബന്ധിച്ചെന്നും അധ്യാപിക പറഞ്ഞു. എന്തോ പന്തികേട് തോന്നി അച്ഛനെ വിളിച്ചു. അപ്പോള്‍ താന്‍ ആരോടും പണം അയക്കാന്‍ പറഞ്ഞിട്ടില്ലെന്ന് അച്ഛന്‍ വ്യക്തമാക്കി. ഉടനെ 5.45ഓടെ പൊലീസ് സ്റ്റേഷനിലെത്തി. അവര്‍ മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും സുരക്ഷാ ചുമതലയുടെ തിരക്കിലാണെന്നാണ് മറുപടി നല്‍കിയത്. 

കുറ്റവാളിയുടെ അക്കൗണ്ട് മരവിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അവര്‍ താമസിപ്പിച്ചെന്ന് അധ്യാപിക പറയുന്നു. അവര്‍ക്ക് കന്നട അല്ലാതെ ഹിന്ദിയോ ഇംഗ്ലീഷോ മനസിലാകുന്നില്ലായിരുന്നു. ബംഗളൂരു പോലൊരു നഗരത്തിൽ പൊലീസിന് ഇംഗ്ലീഷും ഹിന്ദിയും മനസ്സിലാകുന്നില്ലെങ്കിൽ, പരാതിക്കാരായ സ്ത്രീകള്‍ വിവര്‍ത്തനം ചെയ്യാന്‍ ആളെ കൂടെ കൊണ്ടുപോകണോയെന്ന് അധ്യാപിക ചോദിക്കുന്നു.

താൻ പോലീസ് സ്‌റ്റേഷനിലായിരിക്കുമ്പോഴും കോള്‍ വന്നു. അടുത്ത ദിവസം  22 തവണ ഇതേ നമ്പറില്‍ നിന്ന് വിളിച്ചതായും യുവതി പറഞ്ഞു- "മകളേ എന്റെ കോൾ അറ്റൻഡ് ചെയ്യൂ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്ത പണം ഞാൻ അയച്ചുതരാം"  എന്ന് അയാള്‍ സന്ദേശം അയച്ചെന്നും അധ്യാപിക വിശദീകരിച്ചു. തട്ടിപ്പുകാരന്റെ അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കിലേക്ക് ഇമെയിൽ അയച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച പൊലീസ് അറിയിച്ചു. പൊലീസിന്‍റെ ഭാഗത്ത് അനാസ്ഥയുണ്ടായെന്ന പരാതി പരിശോധിക്കുമെന്ന് ഡിസിപി (സെൻട്രൽ) ശേഖർ എച്ച് തെക്കണ്ണവർ വ്യക്തമാക്കി.

ഇത് പുതിയതരം തട്ടിപ്പാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ലിങ്ക് അയച്ചുള്ള തട്ടിപ്പില്‍ ഇപ്പോള്‍ പലരും വീഴാറില്ല. അതുകൊണ്ട് തികച്ചും സാധാരണമെന്ന് തോന്നുന്ന ടെക്സ്റ്റ് സന്ദേശങ്ങളില്‍ കോഡ് എന്‍ക്രിപ്റ്റ് ചെയ്ത് അയക്കുന്നു. ഇത് പെട്ടെന്ന് നോക്കുമ്പോള്‍ മനസ്സിലാവില്ല. ഇങ്ങനെ പണം നഷ്ടമായ സംഭവങ്ങളുണ്ടെന്ന് പൊലീസും വ്യക്തമാക്കി. ഇതാണോ അധ്യാപികയുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!