ലോകമുതലാളിയാകാൻ ഒരുങ്ങിയ ചൈനയ്ക്ക് ഇതെന്ത് പറ്റി? കണക്കുകള്‍ ഞെട്ടിക്കുന്നത്

By Web Team  |  First Published Dec 5, 2023, 7:16 PM IST

ചൈനയുടെ വളർച്ചാ അനുമാനം വെട്ടിക്കുറച്ച് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡിസ്. സ്ഥിരതയിൽ നിന്ന് നെഗറ്റീവ് ആയാണ് റേറ്റിംഗ് കുറച്ചിരിക്കുന്നത്.


ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ വളർച്ചാ അനുമാനം വെട്ടിക്കുറച്ച് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡിസ്. സ്ഥിരതയിൽ നിന്ന് നെഗറ്റീവ് ആയാണ് റേറ്റിംഗ് കുറച്ചിരിക്കുന്നത്. താഴ്ന്ന ഇടത്തരം സാമ്പത്തിക വളർച്ചയുടെയും വർദ്ധിച്ചുവരുന്ന കടത്തിന്റെയും പശ്ചാത്തലത്തിലാണ് മൂഡീസിന്റെ നടപടി. കൂടാതെ 2024ലും 2025ലും രാജ്യത്തിന്റെ വാർഷിക ജിഡിപി വളർച്ച 4.0% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൂഡിസ് വിലയിരുത്തി.

കടക്കെണിയിലായ പ്രാദേശിക സർക്കാരുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും  സാമ്പത്തിക സഹായം നൽകേണ്ടിവരുമെന്നത് രാജ്യത്തിന് തിരിച്ചടിയാണ്.  ചൈനയുടെ സാമ്പത്തിക നിലയ്ക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുന്നതാണിതെന്ന്  മൂഡീസ് അഭിപ്രായപ്പെട്ടു. റിയൽ എസ്റ്റേറ്റ്  മേഖലയുടെ തുടർച്ചയായ പ്രതിസന്ധിയും രാജ്യത്തിന്റെ റേറ്റിംഗ് കുറയ്ക്കുന്നതിലേക്ക് നയിച്ചു

2026 മുതൽ 2030 വരെ ചൈനയുടെ വാർഷിക സാമ്പത്തിക വളർച്ച ശരാശരി 3.8% ആയി കുറയുമെന്ന് മൂഡീസ് വിലയിരുത്തി.  റേറ്റിംഗ് താഴ്ത്തിയതിൽ നിരാശയുണ്ടെന്ന് ചൈനയുടെ ധന മന്ത്രാലയം പറഞ്ഞു . സമ്പദ്‌വ്യവസ്ഥ  തിരിച്ചുവരുമെന്നും  പ്രാദേശിക സർക്കാരുകളുടെ പ്രതിസന്ധി പരിഹരിക്കാവുന്നതാണെന്നും ചൈന വ്യക്തമാക്കി. ചൈനയുടെ സാമ്പത്തിക വളർച്ചാ സാധ്യതകൾ, സാമ്പത്തിക സുസ്ഥിരത, മറ്റ് വശങ്ങൾ എന്നിവയെക്കുറിച്ചുള്ള മൂഡീസിന്റെ ആശങ്കകൾ അനാവശ്യമാണെന്ന് ധന മന്ത്രാലയം കുറ്റപ്പെടുത്തി.
 
അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, പ്രാദേശിക സർക്കാരുകളുടെ കടം 92 ട്രില്യൺ യുവാൻ ($12.6 ട്രില്യൺ) ആണ്. 2022 ൽ ചൈനയുടെ സാമ്പത്തിക ഉൽപ്പാദനത്തിന്റെ 76% ആണിത്. 2019 ൽ ഇത് 62.2%  ആയിരുന്നു

click me!