100 രൂപ തിരികെ കിട്ടാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ നഷ്ടമായത് അഞ്ച് ലക്ഷം രൂപ; പൊലീസില്‍ പരാതി നല്‍കി

By Web Team  |  First Published Nov 21, 2023, 1:18 PM IST

ഇന്റര്‍നെറ്റില്‍ നിന്ന് പരതിയെടുത്ത ഫോണ്‍ നമ്പറാണ് തട്ടിപ്പിന് വഴിയൊരുക്കിയത് എന്നാണ് നിഗമനം.


ന്യൂഡല്‍ഹി: യൂബര്‍ ടാക്സി യാത്രയില്‍ അധികമായി ഈടാക്കിയ 100 രൂപ തിരികെ ലഭിക്കാനായി കസ്റ്റമര്‍ കെയറില്‍ വിളിച്ചയാളിന് അഞ്ച് ലക്ഷം രൂപയോളം നഷ്ടമായതായി പരാതി. ഗൂഗിളില്‍ പരതി കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറാണ് പണി കൊടുത്തത്. ഇന്റര്‍നെറ്റില്‍ നിന്ന് കണ്ടെത്തിയ നമ്പറിലേക്ക് വിളിച്ചയാളെ തട്ടിപ്പുകാര്‍ വിദഗ്ധമായി കബളിപ്പിച്ച് പണം തട്ടുകയായിരുന്നു എന്നാണ് നിഗമനം.

എസ്.ജെ എന്‍ക്ലേവില്‍ താമസിക്കുന്ന പ്രദീപ് ചൗധരി എന്നയാളാണ് പരാതി നല്‍കിയത്. ഗുരുഗ്രാമിലേക്ക് യൂബര്‍ ടാക്സി വിളിച്ച് യാത്ര ചെയ്ത ഇയാളില്‍ നിന്ന് 205 രൂപയ്ക്ക് പകരം 318 രൂപ യൂബര്‍ ഈടാക്കി. പിശക് ചൂണ്ടിക്കാണിച്ചപ്പോള്‍ ഡ്രൈവറാണ് യൂബറിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞാല്‍ റീഫണ്ട് ലഭിക്കുമെന്ന് അറിയിച്ചത്. കസ്റ്റമര്‍ കെയര്‍ നമ്പര്‍ കിട്ടാന്‍ പരാതിക്കാരന്‍ ഇന്റര്‍നെറ്റില്‍ പരതിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

Latest Videos

undefined

6289339056 എന്ന നമ്പറാണത്രെ ആദ്യം ലഭിച്ചത്. ഇതിലേക്ക് വിളിച്ചപ്പോള്‍ 6294613240 എന്ന നമ്പറും പിന്നീട് 9832459993 എന്ന മറ്റൊരു നമ്പറും കിട്ടി. രാകേഷ് മിശ്ര എന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതി അറിയിച്ചപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'Rust Desk app' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നീട് പേടിഎം ഓപ്പണ്‍ ചെയ്യാനും ശേഷം റീഫണ്ട് കിട്ടാന്‍ rfnd 112 എന്ന് മെസേജ് അയക്കാനും ഇയാള്‍ പറഞ്ഞു. ഫോണ്‍ നമ്പര്‍ നല്‍കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനാണ് എന്നും പറ‌ഞ്ഞതായി ചൗധരി പരാതിയില്‍ വിശദീകരിക്കുന്നു.

വിവരങ്ങളെല്ലാം കൊടുത്ത് കഴിഞ്ഞപ്പോള്‍ ആദ്യം 83,760 രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് പോയതായി അറിയിച്ചുകൊണ്ട് സന്ദേശം ലഭിച്ചു. അതുല്‍ കുമാര്‍ എന്ന് പേരുള്ള അക്കൗണ്ടിലേക്കാണ് ഈ പണം പോയത്.  പിന്നാലെ നാല് ഇടപാടുകള്‍ കൂടി നടത്തി നാല് ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ടില്‍ പിന്ന് പല അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. മൂന്ന് ഇടപാടുകള്‍ പേടിഎം വഴിയും ഒരെണ്ണം പിഎന്‍ബി ബാങ്ക് വഴിയുമാണ് നടത്തിയത്.

പരാതി സ്വീകരിച്ച പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420-ാം വകുപ്പും ഐ.ടി നിയമത്തിലെ 66D വകുപ്പും ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. യൂബറിന്റെ കസ്റ്റമര്‍ കെയര്‍ എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഇയാള്‍ പരതിയെടുത്തത് തട്ടിപ്പുകാര്‍ നല്‍കിയിരുന്ന വ്യാജ ഫോണ്‍ നമ്പറുകളാണെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!