ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ, മലേഷ്യയിൽ മൊത്തം 9.16 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്.ഇതിൽ തന്നെ 2,83,885 പേർ ഇന്ത്യക്കാരായിരുന്നു
തായ്‌ലാന്റിനും ശ്രീലങ്കയ്ക്കും പിന്നാലെ ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ തന്നെ പ്രവേശനം അനുവദിച്ച് മലേഷ്യ. ഡിസംബർ 1 മുതൽ മലേഷ്യ സന്ദർശിക്കുന്ന ഇന്ത്യയിലെയും ചൈനയിലെയും പൗരന്മാർക്ക് വിസ ആവശ്യമില്ല. 30 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് താമസിക്കാം. സുരക്ഷാ പരിശോധനയ്ക്ക് വിധേയമായിട്ടായിരിക്കും വിസ അനുവദിക്കുക.ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ടൂറിസ്റ്റുകളുടെയും നിക്ഷേപകരുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനായി സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
നിലവിൽ, ഇന്ത്യക്കാർക്കുള്ള മലേഷ്യൻ ടൂറിസ്റ്റ് ഇ-വിസയ്ക്ക് ഒരാൾക്ക് 3,799 രൂപയാണ് നിരക്ക്. വിസ രഹിത യാത്രയായതിനാൽ സ്വന്തം രാജ്യത്തിനുള്ളിലെ മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള യാത്രയുടേതിന് സമാനമായ രീതിയിൽ സന്ദർശനം നടത്താം.
ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ, മലേഷ്യയിൽ മൊത്തം 9.16 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്.ഇതിൽ തന്നെ 2,83,885 പേർ ഇന്ത്യക്കാരായിരുന്നു. മലേഷ്യയുടെ വിനോദസഞ്ചാര മേഖലയിലേക്ക് ഗണ്യമായ സംഭാവന നൽകുന്ന രാജ്യമെന്ന നിലയ്ക്കാണ് ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം മലേഷ്യ അനുവദിച്ചിരിക്കുന്നത്.
നേരത്ത സന്ദര്‍ശക വിസ ഇല്ലാതെ തന്നെ ഇന്ത്യക്കാര്‍ക്ക് തായ്ലന്‍ഡും പ്രവേശനം അനുവദിച്ചിരുന്നു . 2024 മേയ് വരെയാണ് ഈ ആനുകൂല്യം. ഇന്ത്യയടക്കമുള്ള ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 2024 മാർച്ച് 31 വരെ സൗജന്യ വിസ അനുവദിക്കാൻ ശ്രീലങ്കയും തീരുമാനിച്ചിരുന്നു. ഇന്ത്യയിലെ യാത്രക്കാർക്ക് ഹ്രസ്വകാല വിസ ഇളവുകൾ നൽകണമെന്ന് വിയറ്റ്‌നാമിന്റെ സാംസ്‌കാരിക, കായിക, ടൂറിസം മന്ത്രി എൻഗൈൻ വാൻ ജംഗ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇത് അനുവദിക്കപ്പെട്ടാൽ നാല് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം.