ഇനി പോളണ്ടിനെ കുറിച്ച് ലുലു മിണ്ടും! ലുലു മാൾ അല്ല, ഇത് കളി വേറെ!

By Web Team  |  First Published Sep 23, 2023, 4:17 PM IST

ഇറ്റലിക്ക് പിന്നാലെയാണ് പോളണ്ടിലും ലുലു ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിക്കുന്നത്


വാഴ്സാ: റീട്ടെയ്ൽ വ്യവസായ രംഗത്ത് അനുദിനം വളരുന്ന ലുലു, മധ്യയൂറോപ്പ്യൻ ദേശത്ത്  കൂടി സാന്നിദ്ധ്യം ശക്തമാക്കുന്നു. വടക്കൻ ഇറ്റലിക്ക് പുറമേ പോളണ്ടിലും പുതിയ പദ്ധതികൾക്ക് ധാരണയായതായി ലുലു ഗ്രൂപ്പ് അറിയിച്ചു. പോളണ്ടിന്റെ കാർഷിക മേഖലയ്ക്ക് കൂടി കൈത്താങ്ങാകുന്ന പദ്ധതികൾക്കാണ് ലുലു തുടക്കമിട്ടിരിക്കുന്നത്. വികസന നയങ്ങളുടെ ഭാഗമായി രണ്ട് നിർണ്ണായക കരാറുകളിൽ പോളണ്ട് സർക്കാരുമായി ലുലു ഗ്രൂപ്പ് ഒപ്പുവച്ചു.

രണ്ടായിരത്തിലധികം തടാകങ്ങളുള്ളതും പോളണ്ടിന്റെ വടക്കൻ പ്രദേശമായ  മസൂറിയൻ ലേക്ക് ഡിസ്ട്രിക്റ്റിലേക്ക് മിഴിതുറക്കുന്ന ഓൾസ്റ്റൈൻ മസൂറി എയർപോർട്ടിലാണ് ലുലു ഗ്രൂപ്പിന്റെ മധ്യയൂറോപ്പ്യൻ മേഖലയിലെ പുതിയ പദ്ധതി. ലോവർ വിസ്റ്റുല മുതൽ പോളണ്ട്- റഷ്യ അതിർത്തി വരെ വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ ലേക്ക് ഡിസ്ക്രട്രിക്ടിൽ നിന്നുള്ള നവീനമായ പഴങ്ങൾ, പച്ചക്കറികൾ, മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ ശേഖരിച്ച് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രമാണ് ഇവിടെ തുറക്കുക. 

Latest Videos

undefined

മധ്യയൂറോപ്പ്യൻ മേഖലയിലെ ഏറ്റവും സ്വാദിഷ്ഠമായ ബെറി, ആപ്പിൾ, ചീസ് മുതൽ പചക്കറി, ഇറച്ചി ഉൽപ്പന്നങ്ങൾ വരെ ഈ ഭക്ഷ്യസംസ്കാരണ കയറ്റുമതി കേന്ദ്രത്തിലൂടെ ഇന്ത്യ, മിഡിൽ ഈസ്റ്റ് അടക്കമുള്ള മേഖലയിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ദൗത്യം. ലുലു ഹൈപ്പർമാർക്കറ്റുകളിൽ മിതമായ നിരക്കിൽ മധ്യയൂറോപ്പ്യൻ വിഭവങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താകൾക്ക് ലഭിക്കുന്നത്.  പോളണ്ടിലെ കർഷകർക്കും സഹകരണ സംഘങ്ങൾക്കും സഹായകരമാകുന്നത് കൂടിയാണ് പദ്ധതി.

പോളണ്ടിലെ വിവിധയിടങ്ങളിൽ നിക്ഷേപപദ്ധതികൾ വിപുലമാക്കുന്നതിന് വഴിതുറക്കുന്ന ധാരണാപത്രത്തിൽ പോളിഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് ഏജൻസിയും ലുലു ഗ്രൂപ്പും ഒപ്പുവച്ചു. പോളണ്ടിൽ ലുലു ഗ്രൂപ്പിന്റെ നിക്ഷേപസാധ്യതകൾ സുഗമമാക്കുന്നതിനും പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനുമായാണ് ധാരണ.  ലുലുവിന്റെ കൂടുതൽ നിക്ഷേപസാധ്യകൾ പോളണ്ടിൽ‌ ആരംഭിക്കുന്നതിന് കൂടിയാണ് വഴി തുറന്നിരിക്കുന്നത്.

പദ്ധതിയുടെ ആദ്യ ഫ്ലാഗ് ഓഫ്, ഓൾസ്‌റ്റിൻ മസൂറി എയർപോർട്ട് മാനേജ്‌മെന്റ് ബോർഡ് പ്രസിഡന്റ് വിക്ടർ വോജ്‌സിക്കിന്റെ സാന്നിധ്യത്തിൽ വാർമിൻസ്‌കോ-മസുർസ്‌കി റീജിയൻ ഗവർണർ ഗുസ്‌റ്റോ മാരേക് ബ്രെസിൻ, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എം.എ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.  പോളണ്ടിലെ യുഎഇ അംബാസഡർ മുഹമ്മദ് അൽ ഹർബി, യുഎഇയിലെ പോളണ്ട് അംബാസഡർ ജാക്കൂബ് സ്ലാവെക്, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്,  പോളിഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രേഡ് ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി. ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിക്കുന്നതിന്റെ ഭാഗമായി പോളണ്ടിലെ കാർഷിക സഹകരണ സംഘങ്ങളുമായി ലുലു ഗ്രൂപ്പ് കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

 കർഷകർക്ക് മികച്ച വില ഉറപ്പാക്കി കാർഷിക മേഖലയിൽ നിന്ന് നേരിട്ട് സംഭരിച്ച് ലോകത്തെ വിവിധയിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ മധ്യയൂറോപ്പ്യൻ മേഖലയിലെ ഭക്ഷ്യഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തുകയാണ് പോളണ്ടിലെ പദ്ധതിയിലൂടെ ലുലു. ആദ്യഘട്ടമായി 50 മില്യൺ യൂറോയുടെ കയറ്റുമതിയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. തുടർന്നുള്ള കാലയളവിൽ കയറ്റുമതിയുടെ തോത് വർധിപ്പിച്ച് വലിയ കയറ്റുമതി സാധ്യതകൂടിയാണ് തുറക്കുന്നത്. പ്രദേശികമായി നിരവധി പേർക്ക് പുതിയ തൊഴിലവസരം ഒരുങ്ങും.

"ഭക്ഷ്യസുരക്ഷാപ്രോത്സാഹനത്തിനുള്ള ലുലുവിന്റെ ചുവടുവയ്പ്പിന്റെ ഭാഗമായാണ് യൂറോപ്പിലെ പദ്ധതികൾ. അന്താരാഷ്ട്ര തലത്തിൽ  സ്ഥിരതയുള്ള ഭക്ഷ്യഉൽപ്പന്ന വിതരണശ്രംഖലയാണ് ലുലുവിന്റെ ലക്ഷ്യം. ഇതിന്റെ തുടർച്ചയായാണ് യൂറോപ്പിലും ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങൾ തുറക്കുന്നത്. പോളിഷ് ഉൽപന്നങ്ങൾ മിതമായ നിരക്കിൽ നേരിട്ട് വിവിധയിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ എത്തിക്കാനാകും. പോളണ്ടിലെ കാർഷിക മേഖലയ്ക്ക് കൂടി കൈത്താങ്ങാകുന്നതാണ് പദ്ധതിയെന്നത് ഏറെ സന്തോഷം നൽകുന്നു" വാർസോയിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

പോളണ്ടിലെ ലുലുവിന്റെ നിക്ഷേപപദ്ധതികളെ പ്രശംസിച്ച പോളണ്ട് പ്രസിഡന്റിന്റെ ഉപദേഷ്ടാവ സിഡ്സിസ്ലോ സോകാൽ, പ്രാദേശിക വികസനത്തിന് കൂടി വഴിവയ്ക്കുന്ന ഇത്തരം പദ്ധതികൾ നാടിന്റെ കൂടി ആവശ്യമാണെന്നും കൂട്ടിച്ചേർ‌ത്തു. ‌ ലുലു ഗ്രൂപ്പിന്റെ പദ്ധതികൾക്ക് പൂർണ പിന്തുണ സർക്കാർ നൽകുമെന്ന് പോളണ്ട് കാർഷിക ഗ്രാമീണ വികസന മന്ത്രി റോബേർട്ട് ടെല്ലസ് വ്യക്തമാക്കി. പ്രത്യേകിച്ച് അറബ് വിപണി പോളിഷ് ഉൽപ്പന്നങ്ങൾക്ക് തുറന്നിടുന്ന സാധ്യത വലുതാണെന്ന് ചൂണ്ടികാട്ടി അദ്ദേഹം പോളണ്ട് ഉൽപന്നങ്ങളുടെ പ്രചാരണത്തിനായി യുഎഇയിൽ എത്തണമെന്ന എം.എ യൂസഫലിയുടെ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

Read more: ആദ്യം തളർച്ച, കൊവിഡിൽ വീണു, സർവീസ് തുടങ്ങിയ ശേഷം ആദ്യമായി വമ്പൻ നേട്ടം, കൊച്ചി മെട്രോയ്ക്ക് പ്രവർത്തന ലാഭം

ഡിജിറ്റൽ കാര്യ മന്ത്രി ജാനുസ് സിസിൻസ്കി, വികസന മന്ത്രി വാൾഡെമർ ബുദ എന്നിവരുമായും ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിക്കാഴ്ച്ച നടത്തി. നേരത്തെ,ഓൾസ്‌റ്റിൻ മസൂറി എയർപോർട്ടിലെത്തിയ എം.എ യൂസഫലിക്ക് ഊഷ്മളമായ വരവേൽപ്പാണ് ഉദ്യോഗസ്ഥരും പ്രാദേശിക കൂട്ടായ്മകളും നൽകിയത്.

click me!