ഫിക്സഡ് ഡിപ്പോസിറ്റുകൾ ഒരു നിക്ഷേപ മാർഗത്തേക്കാൾ ഉപരി, അതിൽ വായ്പയെടുക്കാവുന്ന പോലുള്ള സാധ്യതകളുണ്ടെന്ന കാര്യം പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
അടിയന്തിര സാഹചര്യങ്ങളിൽ പണത്തിന് അത്യാവശ്യം വന്നാൽ, പരിചയക്കാരിൽ നിന്നും പണം കടം കിട്ടിയില്ലെങ്കിൽ മിക്കവരും കറങ്ങിത്തിരിഞ്ഞെത്തുക ബാങ്ക് വായ്പ എന്ന ഓപ്ഷനിലായിരിക്കും. നിങ്ങളുടെ ഫിക്സഡ് ഡെപ്പോസിറ്റിന്മേൽ ലോൺ ലഭിക്കുമെന്നകാര്യം നിങ്ങൾക്കറിയാമോ? പൊതുവെ സുരക്ഷിതവും, വിശ്വസനീയവുമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് സ്ഥിര നിക്ഷേപങ്ങൾ. ഉറപ്പുള്ള സ്ഥിര വരുമാനം, സുരക്ഷിതത്വം ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ സ്ഥിര നിക്ഷേപങ്ങളെ ആകർഷകമായ നിക്ഷേപ ഓപ്ഷനാക്കി മാറ്റുന്നുണ്ട്. എന്നാൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ ഒരു നിക്ഷേപ മാർഗത്തേക്കാൾ ഉപരി, അതിൽ വായ്പയെടുക്കാവുന്ന പോലുള്ള സാധ്യതകളുണ്ടെന്ന കാര്യം പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
ALSO READ: വിദേശ യാത്രയ്‌ക്കൊരുങ്ങുകയാണോ? ട്രാവൽ ഇൻഷുറൻസ് എടുക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്
നിങ്ങളുടെ സ്ഥിരനിക്ഷേപം ഈടായി പണയം വെച്ച്, ഫിക്സഡ് ഡിപ്പോസിറ്റിന്മേൽ വായ്പയെടുക്കുന്നത് നല്ല തീരുമാനം തന്നെയാണ് എന്നാണ് സാമ്പത്തിക വിദ്ഗധരും അഭിപ്രായപ്പെടുന്നത്. കാരണം മറ്റ് വായ്പകളെ അപേക്ഷിച്ച് ബാങ്കുകൾ താരതമ്യേന കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നതിനാൽ നിങ്ങളുടെ സ്ഥിരനിക്ഷേപം ഒരു ഈടായി പരിഗണിച്ച് വായ്പയെടുക്കുന്നത് നല്ല ഓപ്ഷൻ തന്നെയാണ്. ഇത്തരം വായ്പകൾ പ്രധാനമായും ഓവർഡ്രാഫ്റ്റ് രൂപത്തിലാണ് ബാങ്ക് വിതരണം ചെയ്യുന്നത്.
ലോൺ തുക എത്ര ലഭിക്കും
ഒരു ഉപഭോക്താവിന് ലഭ്യമാകുന്ന ലോൺ തുക അവരുടെ എഫ്ഡി ഡെപ്പോസിറ്റ് തുകയെ ആശ്രയിച്ചിരിക്കും. ഇത് സ്ഥിരനിക്ഷേപ തുകയുടെ 90 ശതമാനം മുതൽ 95 ശതമാനം വരെ ആയിരിക്കും.
ലോൺ ആർക്കൊക്കെ ലഭിക്കും?
സ്ഥിരനിക്ഷേപം ഈടാക്കി, വ്യക്തിഗത ഹോൾഡർമാർക്കും ജോയിന്റ് അക്കൗണ്ട് ഹോൾഡർമാർക്കും ഉൾപ്പെടെ എല്ലാ സ്ഥിര നിക്ഷേപ ഉടമകൾക്കും വായ്പ നേടാവുന്നതാണ്. എന്നിരുന്നാലും, പ്രായപൂർത്തിയാകാത്തവരുടെ പേരിൽ ലോൺ ലഭിക്കില്ല. മാത്രമല്ല അഞ്ച് വർഷത്തെ നികുതി ലാഭിക്കുന്ന എഫ്ഡിയുടെ നിക്ഷേപകർക്കും ഇത്തരത്തിലുള്ള ലോണിന് അപേക്ഷിക്കാൻ കഴിയില്ല
സ്ഥിരനിക്ഷേപത്തിൻമേലുള്ള വായ്പാനേട്ടങ്ങൾ
വ്യക്തിഗത വായ്പകൾ പോലുള്ള മറ്റ് തരത്തിലുള്ള വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിരനിക്ഷേത്തിന് മേലുളള ലോണിന് കുറഞ്ഞ പലിശ നിരക്കാണ് ഈടാക്കുന്നത്.
നിക്ഷേപകർ എഫ്‌ഡി കാലാവധി പൂർത്തിയാകും മുൻപ് പിൻവലിക്കരുത്, അത് എഫ്‌ഡി പലിശയിയിൽ നഷ്‌ടം വരുത്തും.
സ്ഥിരനിക്ഷേപത്തിന് മേൽ വായ്പ എടുക്കുമ്പോൾ പ്രോസസ്സിംഗ് ഫീ ഈടാക്കില്ല.
ആഭ്യന്തര, എൻആർഐ എഫ്ഡികൾക്ക് മേലും വായ്പ ലഭിക്കും.
വായ്പ തിരിച്ചടവ് ഒറ്റത്തവണയായോ തവണകളായോ നടത്താം (എഫ്ഡി കാലാവധിക്ക് ശേഷമല്ല)
ഫിക്സഡ് ഡിപ്പോസിറ്റിന്മേൽ വായ്പ ലഭിക്കുമ്പോൾ ഒരു ഉപഭോക്താവിന്റെ എഫ്ഡി ഈടായി സൂക്ഷിക്കുന്നതിനാൽ, അങ്ങനെ സമാഹരിച്ച വായ്പ സുരക്ഷിതമാണ്. മാത്രമല്ല, സുരക്ഷിത വായ്പയ്ക്ക് ഈടാക്കുന്ന പലിശയും കുറവാണ്. വായ്പയെടുക്കുന്നയാൾക്ക് തുക തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, ബാങ്കിന് അത് എഫ്ഡി തുകയിൽ നിന്ന് എളുപ്പത്തിൽ തിരിച്ചുവാങ്ങുകയും ചെയ്യാം. സാധാരണയായി, ഈ തുക കാലാവധി പൂർത്തിയാകുമ്പോൾ തീർപ്പാക്കപ്പെടുകയും ചെയ്യും.