യാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ ഫീച്ചറുകളുമായി ഊബര്‍; കൂടുതല്‍ പ്രയോജനം സ്ത്രീ യാത്രികര്‍ക്ക്

By Web Team  |  First Published Nov 29, 2024, 7:42 AM IST

സ്ത്രീകളായ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക നടപടികളും ഊബര്‍ പ്രഖ്യാപിച്ചു


യാത്രക്കാരുടെ  സുരക്ഷ ശക്തമാക്കാനുള്ള നടപടികളുമായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഊബര്‍. സ്ത്രീകളായ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക നടപടികളും ഊബര്‍ പ്രഖ്യാപിച്ചു. ഓഡിയോ റെക്കോര്‍ഡിംഗ്, വനിതാ യാത്രക്കാര്‍ക്ക് മുന്‍ഗണന , മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍, ഒരു എസ്ഒഎസ് ബട്ടണ്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഊബറിന്‍റെ പുതിയ സുരക്ഷാ സംവിധാനങ്ങള്‍.

ഓഡിയോ റെക്കോര്‍ഡിംഗ്

Latest Videos

യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നിയാല്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കുന്ന ഫീ്ച്ചറാണിത്.  യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശബ്ദം റെക്കോര്‍ഡ് ചെയ്യാം. ഈ റെക്കോര്‍ഡിംഗുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും. കൂടാതെ ഒരു സുരക്ഷാ റിപ്പോര്‍ട്ടിന്‍റെ ഭാഗമായല്ലാതെ ഊബറിനും റെക്കോര്‍ഡ് ചെയ്ത ശബ്ദം കേള്‍ക്കാനാകില്ല.

വനിതാ യാത്രക്കാര്‍ക്ക് മുന്‍ഗണന

വനിതാ യാത്രക്കാര്‍ക്ക് മാത്രം സേവനം നല്‍കുന്നതിന് വനിതാ ഡ്രൈവര്‍മാരെ അനുവദിക്കുന്ന 'വുമണ്‍ റൈഡര്‍ പ്രിഫറന്‍സ്' ഫീച്ചര്‍ ഊബര്‍ ആരംഭിച്ചു. രാത്രികാലങ്ങളില്‍ സേവനമെത്തിക്കുന്ന വനിതാ ഡ്രൈവര്‍മാരുടെ സുരക്ഷിതത്വം ഇത് ഉറപ്പാക്കുന്നു. ഇവര്‍ക്ക് വനിതാ യാത്രക്കാരെ മാത്രം ലഭിക്കുന്നതിനാല്‍ രാത്രിയിലും ഡ്രൈവറുടെ സുരക്ഷ ഉറപ്പുവരുത്താം.

അധിക സുരക്ഷ

യാത്രക്കിടെ റൂട്ട് മാറി യാത്ര ചെയ്യല്‍, ദീര്‍ഘ നേരം വാഹനം നിര്‍ത്തിയിടല്‍ എന്നിവ പോലുള്ളവ നിരീക്ഷിക്കുന്ന റൈഡ്ചെക്ക് സജീവമാക്കല്‍, ഓട്ടോമാറ്റിക് ഓഡിയോ റെക്കോര്‍ഡിംഗ് പ്രവര്‍ത്തനക്ഷമമാക്കല്‍, വിശ്വസിക്കാവുന്ന വ്യക്തിയുമായി യാത്രയുടെ വിവരങ്ങള്‍ പങ്കിടല്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും.

എസ്ഒഎസ്

അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അവരുടെ തത്സമയ ലൊക്കേഷന്‍ സഹിതം യാത്രാ വിവരങ്ങള്‍ വേഗത്തില്‍ കൈമാറാനും സഹായം നേടുന്നതിനും പോലീസുമായി സന്ദേശം പങ്കിടാന്‍ ഈ സംവിധാനം സഹായിക്കുന്നു.

രണ്ട് വര്‍ഷമായി തെലങ്കാനയില്‍ നടപ്പാക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍  ഇപ്പോള്‍ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും നടപ്പാക്കുകയാണ്

.

 

tags
click me!