റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി; പുതുക്കിയ സമയപരിധി ഇതാണ്

By Web Team  |  First Published Jul 4, 2023, 5:19 PM IST

ഇത് മൂന്നാം തവണയാണ്  റേഷൻ കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടുന്നത്. ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള, സേവനം സൗജന്യമായി ലഭിക്കുന്നതിന്  അടുത്തുള്ള റേഷൻ കട സന്ദർശിക്കാം 


ദില്ലി: റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ.  2023 സെപ്തംബർ 30 വരെയാണ് സമയപരിധി നീട്ടിയത്. ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ച് റേഷൻ കാർഡും ആധാർ കാർഡും പ്രധാന രേഖകളാണ്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതിനായാണ്, അർഹരായ ആളുകൾക്ക് റേഷൻ കാർഡ് നൽകുന്നത്. പലർക്കും റേഷൻ കാർഡുകൾ തിരിച്ചറിയൽ രേഖ കൂടിയാണ്. അതുകൊണ്ടുതന്നെ  റേഷൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് നിർബന്ധവുമാണ്.

ഉപയോക്താക്കൾക്ക് ഒന്നിലധികം റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ തടയുന്നതിനും, അർഹതയില്ലാത്ത ആളുകൾക്ക് റേഷൻ ലഭിക്കുന്നുണ്ടങ്കിൽ തിരിച്ചറിയാനും,  വ്യാജ കാർഡുകൾ ഇല്ലാതാക്കാനും വേണ്ടിയാണ്  ഈ നടപടി .ഓൺലൈനായും ഓഫ് ലൈനായും റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള, സേവനം സൗജന്യമായി ലഭിക്കുന്നതിന്  അടുത്തുള്ള റേഷൻ കട സന്ദർശിക്കേണ്ടതുണ്ട്. റേഷൻ കടകൾ വഴി ഇ പി.ഒ.എസ് മെഷീൻ വഴി നേരിട്ടും, അല്ലെങ്കിൽ താലൂക്ക് സപ്ലൈസ് ഓഫീസുകൾ വഴിയും ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്.ഓൺലൈനായും റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാവുന്നതാണ് .

ആധാർ കാർഡും റേഷൻ കാർഡും ഓൺലൈനായി ലിങ്ക് ചെയ്യും വിധം

-സംസ്ഥാന പൊതുവിതരണ സംവിധാനത്തിന്റെ   ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

-ആധാർ കാർഡ് നമ്പർ, റേഷൻ കാർഡ് നമ്പർ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക.

-'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

-നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി നമ്പർ ലഭിക്കും

-ഒടിപി നൽകി നിങ്ങളുടെ റേഷൻ കാർഡും ആധാറും ലിങ്ക് ചെയ്യുക.

-ലിങ്കിങ് നടപടികൾ പൂർത്തിയായാൽ സന്ദേശം ലഭിക്കും

ഇത് മൂന്നാം തവണയാണ്  റേഷൻ കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടുന്നത്. 2023 മാർച്ച് 31 വരെയായിരുന്നു ആദ്യത്തെ സമയപരിധി. അതിനുശേഷം ഈ വർഷം ജൂൺ 30 വരെ നീട്ടിയിരുന്നു. നിലവിൽ  വീണ്ടും സെപ്റ്റംബർ 30 വരെ നീട്ടിയിരിക്കുകയാണ്.

click me!