ആഗോളതലത്തിൽ ഒരു ലക്ഷത്തോളം ടെക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു
ടെക്കികൾക്ക് മോശം വർഷമായി 2023 . ആഗോളതലത്തിൽ ഏകദേശം 2 ലക്ഷം ടെക് ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. വമ്പൻ കമ്പനികൾ മുതൽ സ്റ്റാർട്ട് അപ്പുകൾ വരെ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ കമ്പനികളായ മെറ്റ, ബി.ടി, വോഡഫോൺ തുടങ്ങി നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടു.
Layoffs.fyi യുടെ ഡാറ്റ പ്രകാരം, ഈ വർഷം ഇതുവരെ 695 ടെക് കമ്പനികൾ ഏകദേശം 1.98 ലക്ഷം ജീവനക്കാരെയാണ് പുറത്താക്കിയത്. 2022ൽ 1,046 കമ്പനികളിൽ നിന്നായി 1.61 ലക്ഷം ജീവക്കാരെയായിരുന്നു പിരിച്ചുവിട്ടത്. ഈ വർഷം ജനുവരിയിൽ മാത്രം, ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, സെയിൽസ്ഫോഴ്സ് തുടങ്ങിയ കമ്പനികളിൽ ആഗോളതലത്തിൽ ഒരു ലക്ഷത്തോളം ടെക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു. 2022മുതൽ ഈ വർഷം മേയ് വരെ മൊത്തത്തിൽ, ഏകദേശം 3.6 ലക്ഷം ടെക്കികൾക്ക് ജോലി നഷ്ടപ്പെട്ടു. കൂടുതൽ ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നുമുണ്ട്.
സാമ്പത്തികപ്രതിസന്ധിയെത്തുടർന്നാണ് വിവിധ കമ്പനികളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നത്. വെറും നാല് മാസത്തിനിടെ രണ്ട് ലക്ഷത്തോളം പേർക്ക് തൊഴിൽനഷ്ടമായത് ആശങ്കയുണർത്തുന്നുണ്ട്.
മെറ്റ അതിന്റെ മൂന്നാം റൗണ്ട് ജോലി വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ പോകുകയാണ്.കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും,കമ്പനി ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടാനാണ് സാധ്യത. ആമസോൺ ഇന്ത്യ സമീപ ആഴ്‌ചകളിൽ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. ഏകദേശം 400-500 ജീവനക്കാരെ ഈ മാസം പിരിച്ചുവിട്ടിരുന്നു