സമയപരിധി അടുത്തുവരുമ്പോൾ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിന് വിവിധ ബാങ്കുകൾ ഉയർന്ന പലിശനിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.
പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യുന്നതിന് ആർബിഐ അനുവദിച്ച സമയപരിധി 2023 സെപ്റ്റംബർ 30 വരെയാണ്. സമയപരിധി അടുത്തുവരുമ്പോൾ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിന് വിവിധ ബാങ്കുകൾ ഉയർന്ന പലിശനിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 2000 രൂപ നോട്ടുകളിൽ സ്ഥിരനിക്ഷേപം നടത്തുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന നിരക്കായ 9.50% പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
2000 രൂപ നോട്ടുകൾ നിക്ഷേപിച്ച് എഫ്ഡി തുടങ്ങുന്നതിന് പകരം ഒരു സേവിംഗ്സ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതും ഗുണകരം തന്നെയാണ്. കാരണം പ്രതിവർഷം 7% വരെ പലിശ നിരക്കാണ് ഇത്തരം സേവിംഗ്സ് അക്കൗണ്ടുകൾക്ക് ബാങ്ക് ഓഫർ ചെയ്യുന്നത്.നിലവിൽ, 6 മാസം മുതൽ 201 ദിവസം വരെയും, 501 ദിവസത്തെ കാലാവധിയിലേക്കുമുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 8.75% എഫ്‌ഡി പലിശനിരക്കാണ് പൊതുജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്.1001 ദിവസത്തെ നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കായ 9 ശതമാനവും ബാങ്ക് ലഭ്യമാക്കുന്നു.
എന്നാൽ പലിശനിരക്കിൽ മുതിർന്ന പൗരൻമാർക്കാണ് കൂടുതൽ ലാഭം. 6 മാസം മുതൽ 201 ദിവസം വരെയും, 501 ദിവസത്തെ കാലാവധിയിലേക്കുമുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് 9.25 ശതമാനവും, 1001 ദിവസത്തെ നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കായ 9.50 ശതമാനവും ബാങ്ക് ലഭ്യമാക്കുന്നു. ഡിഐസിജിസിയുടെ 5 ലക്ഷം രൂപ നിക്ഷേപ ഇൻഷുറൻസും ബാങ്ക് ൽകുന്നുണ്ട്.
എന്തായാലും 2000 നോട്ടുകളുടെ നിക്ഷേപത്തിന് ആകർഷകമായ പലിശനിരക്ക് തന്നെയാണ് ഈ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപ മൂല്യമുള്ള നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചത്. മാത്രമല്ല സെപ്തംബർ 30 നകം പൊതുജനങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യണമെന്നും ആർബിഐ നിർദ്ദേശിച്ചിരുന്നു.2000 രൂപ നോട്ടുകൾ മാറ്റാനും നിക്ഷേപിക്കാനുമുള്ള മുതിർന്ന പൗരന്മാർ, വികലാംഗർ, സ്ത്രീകൾ എന്നിവർക്കുള്ള അസൗകര്യം കുറയ്ക്കുന്നതിന് ബാങ്കുകൾ പ്രത്യേക ക്രമീകരണങ്ങൾ ചെയ്യണമെന്നും ആർബിഐ നിർദേശമുണ്ട്. 2000 രൂപയുടെ പരമാവധി 10 നോട്ടുകൾ വരെ ഒരേസമയം ഏതു ബാങ്കിൽനിന്നും മാറ്റിയെടുക്കാം