ഐഡിബിഐ ബാങ്കിന്റെ വിൽപ്പന ഈ വർഷം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. ഐഡിബിഐ ബാങ്കിൽ കേന്ദ്ര സർക്കാരിന് 45.5 ശതമാനം ഓഹരിയാണുള്ളത്.
ഐഡിബിഐ ബാങ്ക് ആര് വാങ്ങും? മത്സര രംഗത്തുള്ളത് മൂന്ന് പ്രമുഖ കമ്പനികളെന്ന് റിപ്പോർട്ട്. ഫെയർഫാക്‌സ് ഫിനാൻഷ്യൽ, എമിറേറ്റ്‌സ് എൻബിഡി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരാണ് ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കുന്നതിന് മുൻ നിരയിലുള്ളത്. ബാങ്ക് ഏറ്റെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നത് ഈ മൂന്ന് കമ്പനികൾ ആണെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ധനമന്ത്രാലയം, ആർബിഐ, ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ്, എമിറേറ്റ്‌സ് എൻബിഡി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. ബാങ്ക് ഏറ്റെടുക്കുന്നതിന് മുന്നിലുള്ളത് ഫെയർഫാക്‌സ് ഇന്ത്യ ഹോൾഡിംഗ്‌സാണെന്നാണ് സൂചന. ഇന്ത്യൻ വംശജനായ കനേഡിയൻ ശതകോടീശ്വരൻ പ്രേം വാട്‌സിന്റെ നേതൃത്വത്തിലാണ് ഫെയർഫാക്‌സ് പ്രവർത്തിക്കുന്നത്. കേരളം ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ പ്രൊമോട്ടർ കൂടിയാണ് ഫെയർഫാക്സ്. പ്രേം വാട്‌സ് 1985-ലാണ് ഫെയർഫാക്‌സ് ആരംഭിച്ചത്. ഹൈദരാബാദിൽ ജനിച്ച ഇന്ത്യൻ വംശജനായ ഒരു കനേഡിയൻ വ്യവസായിയാണ് പ്രേം.
എമിറേറ്റ്സ് എൻബിഡി ഗ്രൂപ്പ് യുഎഇ, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സാമ്പത്തിക സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ്.
ഐഡിബിഐ ബാങ്കിന്റെ വിൽപ്പന ഈ വർഷം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. ഐഡിബിഐ ബാങ്കിൽ കേന്ദ്ര സർക്കാരിന് 45.5 ശതമാനം ഓഹരിയാണുള്ളത്. എൽഐസിക്ക് 49 ശതമാനത്തിലധികം ഓഹരിയും ബാങ്കിലുണ്ട്. ആദ്യം ഒരു ധനകാര്യ സ്ഥാപനമായിരുന്ന ഐഡിബിഐ പിന്നീട് ബാങ്കായി മാറുകയായിരുന്നു. സർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ പദ്ധതി പ്രകാരം ബാങ്കിലെ 60.7% ഓഹരി സർക്കാരിന് വിൽക്കാം. ഇതിൽ സർക്കാരിന്റെ 30.5% വിഹിതവും എൽഐസിയുടെ 30.2% വിഹിതവും ഉൾപ്പെടുന്നു. നിലവിലെ വിപണി മൂല്യം അനുസരിച്ച് ഓഹരി വിറ്റഴിക്കുന്നതിലൂടെ സർക്കാരിന് 29,000 കോടി രൂപയിലധികം ലഭിക്കും.