ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി ബെംഗളൂരുവിലെ വിമാനത്താവളത്തിന് സമീപമുള്ള 300 ഏക്കർ സ്ഥലത്ത് ഐഫോൺ പാർട്സുകൾ നിർമ്മിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയിടുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദില്ലി: ആപ്പിളിന്റെ പാർട്ട്ണർ കമ്പനിയും ഐ ഫോൺ നിർമാതക്കളുമായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് ഇന്ത്യയിൽ 700 ദശലക്ഷം ഡോളർ (570000 കോടി രൂപ) നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. അമേരിക്ക-ചൈന സംഘർഷത്തിൽ അയവുവരാത്ത സാഹചര്യത്തിലാണ് ചൈനയിലെ പ്ലാന്റ് ഇന്ത്യയിലേക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ആപ്പിൾ ഫോൺ നിർമാതാക്കളിൽ മുൻനിര കമ്പനിയായ തായ്വാൻ കമ്പനി ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി ബെംഗളൂരുവിലെ വിമാനത്താവളത്തിന് സമീപമുള്ള 300 ഏക്കർ സ്ഥലത്ത് ഐഫോൺ പാർട്സുകൾ നിർമ്മിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയിടുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കൂടാതെ ഫോക്‌സ്‌കോൺ ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങൾ നിർമിക്കാനും പദ്ധതിയിടുന്നു. ഇന്ത്യയിൽ ഫോക്‌സ്‌കോൺ നിക്ഷേപിക്കുന്ന ഏറ്റവും വലിയ പദ്ധതിയായിരിക്കുമിത്.
undefined
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ഉൽപ്പാദകർ എന്ന ചൈനയുടെ പദവിക്ക് തിരിച്ചടി കിട്ടുന്നതാണ് ഫോക്സ്കോണിന്റെ നീക്കം. ചൈനക്ക് പകരം ഇന്ത്യയും വിയറ്റ്‌നാമും അടക്കമുള്ള രാജ്യങ്ങളിൽ നിക്ഷേപിക്കാനാണ് ആപ്പിൾ അടക്കമുള്ള വൻകിട കമ്പനികൾ ശ്രമിക്കുന്നത്. കൊവിഡ്, യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയ പ്രതിസന്ധിക്ക് ശേഷം അമേരിക്കയുമായി ചൈനയുടെ ബന്ധത്തിൽ വീണ്ടും വിള്ളൽ വീണു.
ഇന്ത്യയിലെ നിക്ഷേപം ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ചൈനീസ് നഗരമായ ഷെങ്‌ഷൗവിലെ കമ്പനിയിൽ രണ്ട് ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. കൊവിഡിനെ തുടർന്ന് ഷെങ്‌ഷൗവിലെ പ്ലാന്റിൽ ഉൽപാദനം ഇടിഞ്ഞിരുന്നു. ശേഷമാണ് ചൈനക്ക് പുറമെയുളള രാജ്യങ്ങളെ പരീക്ഷിക്കാൻ ആപ്പിൾ തയ്യാറാകുന്നത്. നിക്ഷേപത്തിന്റെയും പ്രോജക്റ്റ് വിശദാംശങ്ങളുടെയും അന്തിമരൂപം തയ്യാറാക്കുന്നത് പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ ആപ്പിൾ ഇതുവരെ തയ്യാറായില്ല. കർണാടക സർക്കാരും വാർത്തയിൽ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ഹോൺഹായി ചെയർമാൻ യൂങ് ലിയു പ്രധാനമന്ത്രിയെ കണ്ടിരുന്നു. തെലങ്കാനയിൽ മറ്റൊരു നിർമാണ പദ്ധതിക്കും കമ്പനി തയ്യാറായെന്നാണ് സൂചന. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ ഏറ്റവും പുതിയ തലമുറ ഐഫോണുകൾ നിർമ്മിക്കാൻ തുടങ്ങിയ ഫോക്‌സ്‌കോൺ പോലുള്ള ആപ്പിൾ വിതരണ കമ്പനികൾക്ക് ഇന്ത്യ സാമ്പത്തിക ആനുകൂല്യങ്ങൾ അടക്കം വാഗ്ദാനം ചെയ്തിരുന്നു.