കടുവ സങ്കേതങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ

By Web Team  |  First Published Oct 10, 2023, 9:54 AM IST

കര്‍ണാടക വനം വകുപ്പിന് കീഴിലുള്ള ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവാ സങ്കേതങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കാണ് ഒരു കോടി രൂപ വരെയുള്ള ഇന്‍ഷുറന്‍സ് ലഭിക്കുന്നത്. 


ബംഗളുരു: മലയാളികളടക്കം നിരവധി സന്ദര്‍ശകര്‍ എത്തുന്ന കര്‍ണാടകയിലെ കടുവാ സങ്കേതങ്ങളില്‍ ഇനി ഇന്‍ഷുറന്‍സ് പരിരക്ഷയും. ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവാ സങ്കേതങ്ങളില്‍ എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് കര്‍ണാടക വനം വകുപ്പിന്റെ പദ്ധതി. ഈ രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് വന്യ മൃഗങ്ങളുടെ ആക്രമണം ഉള്‍പ്പെടെ എന്ത് അപകടങ്ങള്‍ നേരിട്ടാലും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഗുണം ലഭിക്കും.

ഒരു കോടി രൂപ വരെ ലഭിക്കാന്‍ അര്‍ഹതയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ അഞ്ച് കടുവാ സങ്കേതങ്ങളുടെയും ഡയറക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ജി കുമാര്‍ പുഷ്കര്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നല്‍കിയിരുന്നു. വനം പരിധിക്കുള്ളില്‍ വെച്ച് ജീവന്‍ നഷ്ടമാവുന്ന സാഹചര്യം ഉണ്ടായാല്‍, മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ധനസഹായം ലഭിക്കുമെന്ന് നാഗര്‍ഹോള ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ പറ‍ഞ്ഞു. രണ്ട് കടുവാ സങ്കേതങ്ങളിലും എത്തുന്ന സന്ദര്‍ശകര്‍ക്കായി ഉടന്‍ തന്നെ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Latest Videos

undefined

Read also: ഉയര്‍ന്ന പലിശയും ജോലിയും വാഗ്ദാനം, വേങ്ങേരി കാർഷികോൽപ്പാദന സഹകരണ സംഘത്തിൽ പണം നഷ്ടപ്പെട്ടത് 50ലേറെ പേര്‍ക്ക്

ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൈഗര്‍ റിസര്‍വുകളില്‍ സന്ദര്‍ശകര്‍ക്കായി സഫാരി സര്‍വീസുകള്‍ നടത്തുന്നുണ്ട്. വന്യജീവികളെ അടുത്ത് കാണാനും കൂടുതല്‍ വിശദമായി മനസിലാക്കാനും അവസരം നല്‍കുന്നതാണ് ഈ സഫാരികള്‍. വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യവും ഈ വൈല്‍ഡ് ലൈഫ് സഫാരി തന്നെയാണ്. ഇനി മുതല്‍ സഫാരിക്ക് വേണ്ടിയെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെങ്കിലും ഇതിനായി പ്രത്യേക രജിസ്ട്രേഷനൊന്നും സന്ദര്‍ശകര്‍ക്ക് ആവശ്യമില്ല. പകരം സഫാരിക്ക് വേണ്ടി എടുക്കുന്ന ടിക്കറ്റുകള്‍ മാത്രം മതിയാവും. 

സന്ദര്‍ശനത്തിനിടെ എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളുണ്ടാവുകയും അതിലൂടെ സന്ദര്‍ശകരില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടമാവുകയും ചെയ്താല്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ഷം ഏകദേശം ഒന്നര ലക്ഷത്തോളം സന്ദര്‍ശകരാണ് ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവാ സങ്കേതങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്. ആനകളുടെയും കടുവകളുടെയും പുലികളുടെയും കാട്ടുപോത്തുകളുടെയും സാന്നിദ്ധ്യമുള്ള ഈ വന്യജീവി സങ്കേതം ദക്ഷിണേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. സഫാരി വാഹനങ്ങള്‍ക്ക് നേരെ ആനകള്‍ കുതിച്ചെത്തുന്നത് പോലുള്ള സംഭവങ്ങള്‍ പലപ്പോഴും ഇവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!