ഈ വിവാഹം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് എങ്ങനെ ഗുണകരമാകും എന്ന തരത്തിലുള്ള വീഡിയോ ചെയ്യാനാണ് തനിക്ക് വാഗ്ദാനം ലഭിച്ചതെന്ന് കാവ്യ പറയുന്നു. എന്നാൽ ഈ നിർദ്ദേശം കാവ്യ നിരസിച്ചു.
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റേയും വിവാഹം സൃഷ്ടിച്ച അലയൊലികൾ തീർന്നിട്ടില്ല. ജൂലൈ 12 ന് മുംബൈയിൽ നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹത്തിന് ക്ഷണം ലഭിച്ച പലരും അത് അഭിമാനത്തോടെ പറയുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുമ്പോൾ തനിക്ക് ലഭിച്ച ക്ഷണം നിരസിച്ച കാര്യം പരസ്യപ്പെടുത്തുകയാണ് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ വീഡിയോകളിലൂടെ പ്രശസ്തയായ കാവ്യ കർണാടകയാണ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റേയും വിവാഹ വീഡിയോ ചെയ്യുന്നതിനായി തനിക്ക് അംബാനി കുടുംബത്തിൽ നിന്ന് 3.6 ലക്ഷം രൂപയുടെ വാഗ്ദാനം ലഭിച്ചതായി കാവ്യ അവകാശപ്പെട്ടു. ഈ വിവാഹം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് എങ്ങനെ ഗുണകരമാകും എന്ന തരത്തിലുള്ള വീഡിയോ ചെയ്യാനാണ് തനിക്ക് വാഗ്ദാനം ലഭിച്ചതെന്ന് കാവ്യ പറയുന്നു. എന്നാൽ ഈ നിർദ്ദേശം കാവ്യ നിരസിച്ചു.
തന്റെ വീഡിയോകളുടെ തനിമ നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും അംബാനി കുടുംബത്തിന്റെ കല്യാണം കവർ ചെയ്ത് ജനക്കൂട്ടത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ചില്ലെന്നും അവർ പറയുന്നു. അനന്ത്-രാധികയുടെ വിവാഹസമയത്താണ് ജിയോ റീചാർജ് ചെലവുകളെല്ലാം കുത്തനെ കൂട്ടിയത്. ഇത്തരമൊരു സാഹചര്യത്തിൽ അംബാനിയെപ്പോലുള്ള ഒരു വൻകിട കോർപ്പറേറ്റിനെ പ്രോത്സാഹിപ്പിക്കുന്നത് സത്യസന്ധതയില്ലായ്മയായാണ് താൻ കരുതിയതെന്നും കാവ്യ പറയുന്നു. പണം വാങ്ങി ചെയ്യുന്ന വീഡിയോകൾ തന്റെ പ്രക്ഷേകർക്ക് എളുപ്പത്തിൽ മനസ്സിലാകുമെന്നും അവരുടെ വിശ്വാസം തകർക്കാൻ ആഗ്രഹിച്ചില്ലെന്നും കാവ്യ വ്യക്തമാക്കി.
താനൊരു അധ്യാപികയാണെന്നും അതിനാൽ, കോർപ്പറേറ്റ് ലോകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുമെന്നും കാവ്യ പറയുന്നു. 3.6 ലക്ഷം രൂപ തരാമെന്ന് അംബാനി കുടുംബം പറഞ്ഞെങ്കിലും അത് വാങ്ങുന്നത് തന്റെ സത്യസന്ധമായ പ്രതിച്ഛായയ്ക്ക് ഹാനികരമായിരിക്കാമെന്നും അവർ വ്യക്തമാക്കി.