ആഭ്യന്തര വ്യോമയാന രംഗത്ത് ഇൻഡിഗോയ്ക്ക് റെക്കോഡ് വിപണി വിഹിതം
ദില്ലി: ആഭ്യന്തര വ്യോമയാന രംഗത്ത് റെക്കോഡ് വിപണി വിഹിതം നേടി ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ഇൻഡിഗോ ആഭ്യന്തര സിവിൽ ഏവിയേഷൻ വ്യവസായത്തിൽ 61.4% റെക്കോഡ് വിപണി വിഹിതം കൈവരിച്ചു. കഴിഞ്ഞ 16 വർഷത്തെ ചരിത്രത്തിൽ എയർലൈൻ നേടിയ ഏറ്റവും ഉയർന്ന മാർക്കറ്റ് ഷെയറായിരുന്നു ഇത്.
രണ്ടാം തവണയായിരുന്നു ഇൻഡിഗോ 60 ശതമാനത്തിനു മുകളിൽ വിപണി വിഹിതം പിടിക്കുന്നത്. 2020 ജൂലൈയിൽ അതിന്റെ വിപണി വിഹിതം 60.4% ആയിരുന്നു. ഏപ്രിലിൽ ഇൻഡിഗോയുടെ വിപണി വിഹിതം 57.5% ആയിരുന്നു.
undefined
ഇൻഡിഗോയുടെ പ്രധാന എതിരാളിയായ ബജറ്റ് എയർലൈനായ ഗോ ഫസ്റ്റ് കഴിഞ്ഞ മാസം മുതൽ പ്രവർത്തനം നിർത്തിയ സമയത്താണ് ഇൻഡിഗോയുടെ വിപണി വിഹിതം കൂടിയത്. ഏപ്രിലിൽ 6.4% മാർക്കറ്റ് ഷെയർ ഉണ്ടായിരുന്ന ഗോ ഫസ്റ്റ്, മെയ് 3 ന് പ്രവർത്തനം നിർത്തിവച്ചു. ഇതോടെ മറ്റ് എയർലൈനുകളുടെ ഡിമാൻഡ് ഉയർത്തി.
മെയ് മാസത്തിൽ ഇന്ത്യൻ എയർലൈനുകൾ 90 ശതമാനം കപ്പാസിറ്റി വിനിയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇൻഡിഗോ മെയ് മാസത്തിൽ 91.5% വിനിയോഗിച്ചു. ഏപ്രിലിലെ 92.2 ശതമാനത്തിൽ നിന്ന് സ്‌പൈസ് ജെറ്റ് കഴിഞ്ഞ മാസം 94.8% എന്ന ഏറ്റവും ഉയർന്ന ശേഷി വിനിയോഗത്തിലേക്ക് എത്തി.
മെയ് മാസത്തിൽ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 13.2 ദശലക്ഷമാണ്. 2019 ഡിസംബറിൽ ആയിരുന്നു മുൻപ് ആഭ്യന്തര വിമാന ഗതാഗതം 13.02 ദശലക്ഷത്തിന്റെ റെക്കോർഡിട്ടത്. ആഭ്യന്തര വിമാന ഗതാഗതം മുൻ വർഷത്തെ അപേക്ഷിച്ച് 15% കൂടുതലും ഏപ്രിലിനെ അപേക്ഷിച്ച് 2% കൂടുതലുമാണ്.