ആദായനികുതി ഇളവ് ഉണ്ടാകുമോ? ബജറ്റ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു

By Web Team  |  First Published Dec 12, 2024, 6:38 PM IST

പുതിയ നികുതി സമ്പ്രദായത്തിന് കീഴില്‍ 3 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ നികുതി സ്ലാബില്‍ ആദായ നികുതി ഇളവുണ്ടായേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.


2025 ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന ബജറ്റ് തയാറാക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെ ആദായ നികുതി സ്ലാബിലെ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുന്നു. പുതിയ നികുതി സമ്പ്രദായത്തിന് കീഴില്‍ 3 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ നികുതി സ്ലാബില്‍ ആദായ നികുതി ഇളവുണ്ടായേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. താഴ്ന്ന വരുമാനമുള്ള വിഭാഗത്തിന് നികുതി ഇളവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഉയര്‍ന്ന നികുതി സ്ലാബുകളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താന്‍ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ആദായ നികുതി ഇളവിന് വേണ്ടി വാദിക്കുന്നവര്‍ ആളുകളുടെ ഉപഭോഗം കുറയുന്നതും മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലെ കുറവും ചൂണ്ടിക്കാണിക്കുന്നു

2024-ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ നികുതി വ്യവസ്ഥയില്‍ ആദായനികുതി സ്ലാബുകളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു

പുതിയ നികുതി സമ്പ്രദായത്തില്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ താഴെപ്പറയുന്നവയാണ്:

1. 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തില്‍ നിന്ന് ആദായനികുതി സ്ലാബുകളില്‍ ഇളവ്
2. ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തി.
3. കുടുംബ പെന്‍ഷന്‍കാര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി
4. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള തൊഴിലുടമയുടെ എന്‍പിഎസ് സംഭാവനയുടെ കിഴിവ് 10% ല്‍ നിന്ന് 14% ആയി ഉയര്‍ത്തി.

വ്യവസായ ലോകത്തിന് പറയാനുള്ളത്.

2025-26 ല്‍  ധനക്കമ്മി 4.5% ആക്കുക എന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടം-ജിഡിപി അനുപാതം കുറയ്ക്കാന്‍ സഹായിക്കുന്ന തലങ്ങളില്‍ ധനക്കമ്മി നിലനിര്‍ത്താനുള്ള 2024-25 ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനവും സിഐഐ ഓര്‍മിപ്പിക്കുന്നു. ദീര്‍ഘകാല ധനകാര്യ ആസൂത്രണത്തെ സഹായിക്കുന്നതിന്, ധനകാര്യ സ്ഥിരത റിപ്പോര്‍ട്ടിംഗ് സ്ഥാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

click me!