സാമ്പത്തിക പ്രതിസന്ധിയിൽ ഭർത്താവ് ആത്മഹത്യ ചെയ്തു; മൃതദേഹം ചിതയിലേക്ക് എടുക്കും മുമ്പ് വീട്ടിൽ പലിശ സംഘങ്ങളും

By Web Team  |  First Published Nov 20, 2023, 12:06 PM IST

ഇപ്പോള്‍ പണമില്ലെന്നും ഒരാഴ്ച കഴിഞ്ഞ് നല്‍കാമെന്നും മരണ വീട്ടില്‍ കൂടിയവര്‍ പറഞ്ഞുനോക്കിയെങ്കിലും പണമില്ലാതെ പോകില്ലെന്ന നിലപാടിലായിരുന്നു പണപ്പിരിവ് സംഘം.


പാലക്കാട്: സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്ത ഭർത്താവിന്റെ മൃതദേഹം ചിതയിലേക്ക് എടുക്കും മുമ്പെ പലിശ സംഘങ്ങൾ പണം പിരിക്കാൻ വീട്ടുമുറ്റത്ത് എത്തിയതിന്റെ ഞെട്ടല്‍ ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശി പ്രീതിയ്ക്ക് ഇതുവരെ മാറിയിട്ടില്ല. മരണ വിവരം അറിഞ്ഞ് വീട്ടില്‍ എത്തിയവരിൽ നിന്ന് ചെറിയ തുക പിരിച്ചെടുത്തായിരുന്നു അന്ന് പ്രീതി ആ ആഴ്ചയിലെ പലിശ അടച്ചത്. മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി തുടരുന്നതിനാൽ ഭർത്താവിന്റെ വഴിയേ പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രീതി.

കടം വാങ്ങിയവര്‍ വീട്ടിലെത്തി ബഹളമുണ്ടാക്കുന്നതിന്റെ സങ്കടത്തിലായിരുന്നു പ്രീതിയുടെ കുടുംബം ജീവിച്ചിരുന്നത്. ആളുകളെത്തുമ്പോള്‍ ഭര്‍ത്താവ് പുറത്തിറങ്ങുമായിരുന്നില്ല. പ്രീതിയാണ് പുറത്തിറങ്ങി സംസാരിച്ചിരുന്നത്.  പലിശ സംഘങ്ങളിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് അഞ്ച് മാസം മുമ്പ് പ്രീതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു. വീട്ടുമുറ്റത്ത് മൃതദേഹം ഇറക്കി കിടത്തി കുറച്ചു സമയമേ ആയിട്ടുള്ളൂ. അപ്പോഴക്കും ആഴ്ചയിലെ പലിശയ്ക്കായി മൈക്രോ ഫിനാൻസ് സംഘo വീട്ടിലെത്തി. ഒരാഴ്ച കഴിഞ്ഞ് വരൂവെന്ന് എല്ലാവരും പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

Latest Videos

undefined

ഇപ്പോള്‍ പണം തരാന്‍ കഴിയില്ലെന്നും ഒരാഴ്ച കഴിഞ്ഞ് തരാമെന്നും പറഞ്ഞ് നോക്കിയെങ്കിലും ഞങ്ങള്‍ പണപ്പിരിവ് ഇതുവരെ എവിടെയും നിര്‍ത്തിയിട്ടില്ലെന്നും എവിടെ മരിച്ചാലും പണം വാങ്ങിയേ പോകൂ എന്നുമായിരുന്നു മറുപടി.   ഭർത്താവിന്റെ ചികിത്സാ ചെലവിനായാണ് മൈക്രോ ഫിനാൻസ് സംഘത്തിൽ നിന്ന് ആദ്യമായി പ്രീതി വായ്പ എടുത്തത്. തിരിച്ചടവ് മുടങ്ങിയപ്പോൾ മറ്റൊരു സംഘത്തിൽ നിന്ന് വായ്പ എടുത്തു. ഇപ്പോൾ എത്ര സംഘങ്ങളിൽ നിന്ന് വായ്പ എടുത്തുവെന്ന് പോലും കൃത്യമായി അറിയില്ല. 

തിരിച്ചടവ് മുടങ്ങുമ്പോൾ രാപകലില്ലാതെ പ്രീതിയുടെ വീട്ടിലും പണിസ്ഥലത്തും വഴിവക്കിലും പലിശ പിരിവുകാർ കാത്തു നിൽക്കും. പൈസയില്ലാത്തതു കൊണ്ട് രണ്ടാഴ്ച ഇളവ് ചോദിച്ചപ്പോള്‍ ഫോണ്‍ വാങ്ങിച്ചു. മറ്റൊരിടത്തു നിന്ന് പണം കടം വാങ്ങി കൊടുത്ത ശേഷമാണ് അവര്‍ പോയത്. രാത്രി ഒന്‍പത് മണി വരെ വീട്ടില്‍ തന്നെ പിരിവുകാര്‍ നിന്നുവെന്നും പ്രീതി പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!