കണ്‍സ്യൂമര്‍ പമ്പുകളിലേക്ക് സ്വന്തം ആവശ്യത്തിനെന്ന പേരില്‍ കൊണ്ടുവരുന്ന ഡീസല്‍ മറിച്ചുവില്‍ക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.
തൃശൂര്‍: സംസ്ഥാനത്തെ വിവിധ മേഖലകളിലെ കൺസ്യുമർ പമ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് വൻ നികുതി വെട്ടിപ്പെന്ന് ചരക്ക് സേവന നികുതി വിഭാഗം കണ്ടെത്തി. കൺസ്യുമർ പമ്പ് ഉടമകൾ സ്വന്തം ആവശ്യത്തിന് എന്ന വ്യാജേന മറ്റ് സംസ്ഥാനങ്ങളിലെ ഡീസൽ കമ്പനികളിൽ നിന്നും സംസ്ഥാനത്തേക്ക് ഡീസൽ വാങ്ങി കൊണ്ടുവരുന്നുണ്ട്. ഇങ്ങനെ കൊണ്ടുവരുന്ന ഡീസല്‍ ഫിഷിംഗ് ബോട്ടുകളിലും ബസ്, ലോറി എന്നിവയ്ക്കും മറിച്ച് വില്‍ക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ലിറ്ററിന് 10 മുതൽ 17 രൂപ വരെ ഇങ്ങനെ വില്‍പനയില്‍ ലാഭം ഉണ്ടാക്കുന്നതായാണ് ചരക്ക് സേവന നികുതി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്. വിൽപ്പനയ്ക്ക് കേരള പൊതു വില്പന നികുതി നിയമം അനുശാസിക്കുന്ന നികുതി അടയ്ക്കാതെയാണ് ഈ വ്യാപാരം നടന്നു വരുന്നത്. ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 2019-20 വര്‍ഷം മുതൽ കണ്‍സ്യൂമര്‍ പമ്പുകളുള്ള 77 ഡീലർമാർ ഏകദേശം 500 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്കെതിരെ കേരള പൊതു വില്പന നികുതി നിയമ പ്രകാരമുള്ള തുടർ നടപടികൾ എടുത്തു വരുന്നതായി അധികൃതര്‍ അറിയിച്ചു.
മറ്റൊരു സംഭവത്തില്‍ ടെക്സ്റ്റയിൽ സേവന രംഗത്ത് നടന്ന ലക്ഷങ്ങളുടെ നികുതി വെട്ടിപ്പും സംസ്ഥാന ജി.എസ്.ടി ഇന്റലിജിൻസ് വിഭാഗം ഇന്ന് പിടികൂടി. തൃശൂരിൽ പ്രമുഖ ടെക്സ്റ്റയിൽ വ്യാപാര സ്ഥാപനത്തിനോട് അനുബന്ധിച്ച് നടത്തുന്ന സ്റ്റിച്ചിങ് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. സേവനത്തിന്റെ മറവിൽ രണ്ട് കോടി രൂപയുടെ ക്രമക്കേടിൽ ഏകദേശം പത്തുലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം കണ്ടുപിടിച്ചു. പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരുന്നതായി തൃശൂരിലെ ജിഎസ്‍ടി ഇന്റലിജൻസ് യൂണിറ്റ് അറിയിച്ചു.