പലിശ നിരക്കിൽ മാറ്റമില്ല; വായ്പ എടുത്തവരെയും എടുക്കാൻ പോകുന്നവരേയും എങ്ങനെ ബാധിക്കും?

By Web Team  |  First Published Dec 8, 2023, 7:16 PM IST

ഭവനവായ്പ എടുക്കുന്നവരെ, റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാനുള്ള തീരുമാനം എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)  റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഭവനവായ്പ എടുക്കുന്നവരെ ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം
 
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ വായ്പകളുടെ പലിശ നിരക്കുകളിൽ ഉടനടി ഏറ്റക്കുറച്ചിലുകൾ ഉണ്ടാകില്ല.  പലിശ നിരക്കിലെ ഈ സ്ഥിരത മെച്ചപ്പെട്ട സാമ്പത്തിക ആസൂത്രണത്തിനും ബഡ്ജറ്റിംഗിനും അവസരമൊരുക്കുന്നു. വായ്പയെടുക്കുന്നവരെ   സാമ്പത്തിക പ്രതിസന്ധിയിലാക്കിയേക്കാവുന്ന പെട്ടെന്നുള്ള നിരക്ക് വർദ്ധനവിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.അതേ സമയം, റിപ്പോ നിരക്ക് സ്ഥിരമായി തുടരുമ്പോൾ, നിലവിലുള്ള വായ്പകളുടെ പലിശ കുറയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. വായ്പാ നിരക്കുകളിലെ ഭാവിയിലെ മാറ്റങ്ങളെല്ലാം റിപ്പോ നിരക്കിനെ  ആശ്രയിച്ചിരിക്കുന്നു.

റിപ്പോ നിരക്ക് നിലനിർത്താനുള്ള തീരുമാനം പുതിയ ഭവനവായ്പകൾക്ക് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവരേയും സ്വാധീനിക്കും. പലിശ നിരക്കുകൾ ഉടനടി വർധിക്കില്ല എന്ന വിലയിരുത്തലിൽ നിലവിലെ പലിശ നിരക്കിൽ വായ്പയെടുക്കാം. പലിശ ചെലവ് പെട്ടെന്ന് വർദ്ധിക്കുമെന്നുള്ള ആശങ്കയില്ലാതെ വായ്പയെടുക്കാം . മാത്രമല്ല, റിപ്പോ നിരക്ക് സ്ഥിരമായ തലത്തിൽ നിലനിർത്തുന്നതിനാൽ, പുതിയ വായ്പക്കാർക്ക് വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ താരതമ്യം ചെയ്യാനും ഏറ്റവും മികച്ച  വായ്പ എടുക്കാനും സാധിക്കും.

കൂടാതെ, പുതിയതായി വായ്പ എടുക്കുന്നവരെ പ്രത്യേകിച്ച് ഉയർന്ന ക്രെഡിറ്റ് സ്കോറുകളും സ്ഥിരമായ വരുമാനവുമുള്ളവരെ ആകർഷിക്കുന്നതിനായി വായ്പ നൽകുന്ന സ്ഥാപനങ്ങൾ പരസ്പരം മത്സരിക്കാൻ സാധ്യതയുണ്ട്, കുറഞ്ഞ പ്രോസസ്സിംഗ് ഫീസ്, ദൈർഘ്യമേറിയ കാലയളവ് ഓപ്ഷനുകൾ  എന്നിങ്ങനെയുള്ള വിവിധ ഓഫറുകൾ ലഭിക്കാം. അതേ സമയം, വിവിധ വിപണി ഘടകങ്ങളും നിയന്ത്രണ നടപടികളും കാരണം വായ്പാ നിരക്കുകളിൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങൾ തള്ളിക്കളയാനാവില്ല. വായ്പ എടുക്കുന്നയാൾ എന്ന നിലയിൽ, വായ്പകൾ കൃത്യസമയത്ത് അടച്ച് മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുകയും വേണം.
 

click me!