വായ്പക്കാർക്ക് കൂടുതൽ ചെലവേറും. ഭവന വായ്പ പലിശ നിരക്കുകളെ ബാധിക്കില്ല . എന്നാൽ എംസിഎൽആറിനെ അടിസ്ഥാനമാക്കിയുള്ള നിലവിലുള്ള വ്യക്തിഗത വായ്പകളെയും വാഹന വായ്പകളുടെയും പലിശ നിരക്കിൽ മാറ്റം വരും.
ദില്ലി: എംസിഎൽആർ നിരക്കുയർത്തി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക്. എംസിഎൽആർ 15 ബേസിസ് പോയിൻറുകൾ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് വെബ്‌സൈറ്റ് പ്രകാരം പുതിയ നിരക്കുകൾ 2023 ജൂലൈ 7 മുതൽ പ്രാബല്യത്തിൽ വരും.
തിരഞ്ഞെടുത്ത കാലയളവുകളിൽ ആണ് ബാങ്കിൻെറ എംസിഎൽആർ അധിഷ്‌ഠിത വായ്പാ നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്. 8.10 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി ആണ് നിരക്കുയർത്തിയിരിക്കുന്നത്. ഒരു മാസത്തെ എംസിഎൽആർ 8.20 ശതമാനത്തിൽ നിന്ന് 8.30 ശതമാനമായി ഉയർന്നു, ഇത് 10 ബേസിസ് പോയിന്റുകളുടെ വർദ്ധനവുണ്ടായി. മൂന്ന് മാസത്തെ നിരക്ക് 10 ബേസിസ് പോയിന്റ് ഉയർത്തി 8.60 ശതമാനവും, ആറ് മാസത്തെ നിരക്ക് 5 ബേസിസ് പോയിന്റ് വർധിച്ച് 8.90 ശതമാനവുമായി. എന്നാൽ, ഒരു വർഷത്തിൽ കൂടുതലുള്ള എംസിഎൽആറിൽ മാറ്റം ഉണ്ടായിട്ടില്ല, ഇത് നിലവിൽ 9.05 ശതമാനമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് വാഗ്ദാനം ചെയ്യുന്ന മിക്ക ഉപഭോക്തൃ വായ്പകളും ഒരു വർഷത്തെ എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. റിപ്പോ നിരക്ക്, പ്രവർത്തനച്ചെലവ്, ക്യാഷ് റിസർവ് റേഷ്യോ നിലനിർത്തുന്നതിനുള്ള ചെലവ് എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം ഘടകങ്ങൾ കണക്കിലെടുത്താണ് എംസിഎൽആർ നിരക്ക് നിശ്ചിയിക്കുക
വായ്പ ചെലവേറുമോ
എംസിഎൽആർ നിരക്ക് വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചത് വായ്പക്കാർക്ക് കൂടുതൽ ചെലവേറും. എംസിഎൽആർ വർധിപ്പിക്കാനുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ തീരുമാനം റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഭവന വായ്പ പലിശ നിരക്കുകളെ ബാധിക്കില്ല . എന്നാൽ എംസിഎൽആറിനെ അടിസ്ഥാനമാക്കിയുള്ള നിലവിലുള്ള വ്യക്തിഗത വായ്പകളെയും വാഹന വായ്പകളുടെയും പലിശ നിരക്കിൽ മാറ്റം വരും. മാത്രമല്ല പ്രതിമാസ തവണകളിലും (ഇഎംഐ) വർദ്ധനവ് ഉണ്ടാകും
ബാങ്കുകൾ ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നത് അടിസ്ഥാനമാക്കുന്ന മിനിമം നിരക്ക് ആണ് എംസിഎൽആർ എന്നറിയപ്പെടുന്നത്. വിവിധ തരത്തിലുള്ള വായ്പകളുടെ പലിശ നിരക്ക് നിർണയിക്കുന്നതിനായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2016-ലാണ് എംസിഎൽആർ ആരംഭിച്ചത്.