ഉയർന്ന പലിശനിരക്ക് നേടാം. എച്ച്ഡിഎഫ്സി ബാങ്കിന്റെ മുതിർന്ന പൗരൻമാർക്കായുള്ള സ്പെഷ്യൽ സ്കീം കാലാവധി നീട്ടി
ദില്ലി: എച്ച്ഡിഎഫ്സി ബാങ്ക് മുതിർന്ന പൗരൻമാർക്കായി അവതരിപ്പിച്ച 'എച്ച്ഡിഎഫ്സി സീനിയർ സിറ്റിസൺ കെയർ' സ്ഥിര നിക്ഷേപ പദ്ധതി വീണ്ടും നീട്ടി. പുതുക്കിയ തിയ്യതി പ്രകാരം 2023 നവംബർ 7 വരെ പദ്ധതിയിൽ അംഗമാകാം. 2020 മെയ് 18 നാണ് എച്ച്ഡിഎഫ്സി സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപ പദ്ധതി പ്രാബല്യത്തിൽ വന്നത്.
ALSO READ: മുകേഷ് അംബാനിയുടെ പുതിയ കരുനീക്കം; ജിയോ ഫിനാൻഷ്യൽ സർവീസ് ഡയറക്ടറായി ഇഷ അംബാനി
എച്ച്ഡിഎഫ്സി സീനിയർ സിറ്റിസൺ കെയർ എഫ്ഡി
മറ്റ് ബാങ്കുകളുടെ എഫ്ഡി സ്കീമുകളിലേതുപോലെ തന്നെ എച്ച്ഡിഎഫ്സിയുടെ മുതിർന്ന പൗരൻമാർക്കുള്ള സ്കീമിലും അധികപലിശനിരക്ക് തന്നെയാണ് പ്രധാന ആകർഷക ഘടകം.. അഞ്ച് വർഷവും ഒരു ദിവസം മുതൽ 10 വർഷം വരെ കാലയളവിലേക്ക്, 5 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപം ബുക്ക് ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം (നിലവിലുള്ള 0.50 ശതമാനം പ്രീമിയത്തിന് പുറമെ) അധിക പ്രീമിയം നൽകും. അതായത് ഈ സ്പെഷ്യൽ എഫ്ഡി സ്കീമിൽ മുതിർന്ന പൗരന്മാർക്ക് റെഗുലർ നിക്ഷേപങ്ങളേക്കാൾ 0.75 ശതമാനം അധിക പലിശ നിരക്ക് ലഭിക്കുമെന്ന് ചുരുക്കം. ഇതുപ്രകാരം നിക്ഷേപകർക്ക് 7.75 ശതമാനം പലിശ നേടാം. പുതിയ സ്ഥിര നിക്ഷേപത്തിനും പുതുക്കലിനും ഈ പലിശ നിരക്ക് ലഭിക്കും. എന്നാൽ പ്രവാസി ഇന്ത്യക്കാർക്ക് ഈ ഓഫർ ബാധകമല്ല.
ഈ വർഷം ജൂൺ 30 വരെ ഏകദേശം 19,13,000 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചതായി സ്വകാര്യമേഖലയിലെ പ്രമുഖ വായ്പദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു, കഴിഞ്ഞ വർഷം ജൂൺ 30 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 19.2 ശതമാനം വളർച്ചയാണുണ്ടായിരിക്കുന്നത്. ജൂലൈ 1-നാണ് എച്ച്‌ഡിഎഫ്‌സി ലിമിറ്റഡും എച്ച്‌ഡിഎഫ്‌സി ബാങ്കുമായുള്ള ലയനം പ്രാബല്യത്തിൽ വന്നത്.