ഇത് ഇഷ അംബാനിയുടെ ബുദ്ധി, ആഗോളമാകാന്‍ അജിയോ; ഒരുങ്ങുന്നത് വമ്പൻ മാറ്റത്തിന്

By Web Team  |  First Published Sep 30, 2024, 5:07 PM IST

സ്വീഡിഷ് ഫാഷന്‍ ഭീമനായ എച്ച് ആന്‍ഡ് എമ്മിന്‍റെ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ വില്‍ക്കാനുള്ള ഒരുക്കത്തിലാണ് അജിയോ.


കോമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വമ്പന്‍ ഓഫറുകള്‍ നല്‍കി പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. റിലയന്‍സ് റീട്ടെയിലിന്‍റെ ഓണ്‍ലൈന്‍ ഫാഷന്‍ വിഭാഗമായ അജിയോയും ഒട്ടും പുറകിലല്ല. ഇതിനിടയില്‍ ലോകോത്തര കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കൂടി എത്തിച്ച് മല്‍സരം വീറുറ്റതാക്കാനുള്ള ശ്രമത്തിലാണ് അജിയോ.  സ്വീഡിഷ് ഫാഷന്‍ ഭീമനായ എച്ച് ആന്‍ഡ് എമ്മിന്‍റെ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ വില്‍ക്കാനുള്ള ഒരുക്കത്തിലാണ് അജിയോ.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പതിനായിരത്തിലധികം വ്യത്യസ്ത ഡിസൈനിലുള്ള വസ്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എച്ച് ആന്‍ഡ് എമ്മിന്‍റെ ശേഖരം. അജിയോയില്‍ ലഭ്യമാകുന്നതോടെ എച്ച് ആന്‍ഡ് എമ്മിന്‍റെ പ്രീമിയം വസ്ത്രങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ പേര്‍ക്ക് സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നിലവില്‍ ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്രയില്‍ എച്ച് ആന്‍ഡ് എമ്മിന്‍റെ വസ്ത്രങ്ങള്‍ ലഭ്യമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് അജിയോ എച്ച് ആന്‍ഡ് എമ്മിനെ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ കൂടി എത്തിച്ചിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ ആഗോള ബ്രാന്‍ഡുകളും ട്രെന്‍ഡുകളും നല്‍കാനുള്ള  പ്രതിബദ്ധതയുടെ ഭാഗമായാണ്  എച്ച് ആന്‍ഡ് എമ്മുമായുള്ള സഹകരണമെന്ന് അജിയോ വ്യക്തമാക്കി. ആഗോള പ്രീമിയം ബ്രാന്‍റ് ആണെങ്കിലും കുറഞ്ഞ വിലയുള്ള വസ്ത്രങ്ങളുടെ വിപുലമായ നിരയും എച്ച് ആന്‍റ് എം അജിയോയിലൂടെ വില്‍പന നടത്തും. 399 രൂപ  മുതല്‍ ആരംഭിക്കുന്ന വിലകളില്‍ വിവിധ വിഭാഗങ്ങളിലുള്ള വസ്ത്രങ്ങള്‍ ലഭിക്കും.

Latest Videos

ഫാഷന്‍ വസ്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വീഡന്‍ ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര വസ്ത്ര കമ്പനിയാണ് എച്ച് & എം എന്ന് അറിയപ്പെടുന്ന  ഹെന്നസ് & മൗറിറ്റ്സ് .  75 രാജ്യങ്ങളില്‍ വിവിധ കമ്പനി ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ 4,801 സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2009 ലും 2010 ലും, ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സി ഇന്‍റര്‍ബ്രാന്‍ഡ് എച്ച് ആന്‍ഡ് എമ്മിനെ ഏറ്റവും മൂല്യമുള്ള  ആഗോള ബ്രാന്‍ഡുകളുടെ പട്ടികയില്‍  ഇരുപത്തിയൊന്നാമതായി തെരഞ്ഞെടുത്തിരുന്നു.  12 ബില്യണ്‍ മുതല്‍ 16 ബില്യണ്‍ ഡോളര്‍ വരെ  മൂല്യമുള്ള കമ്പനിയാണ് എച്ച് ആന്‍ഡ് എം
 

click me!