ദീർഘകാല മൂലധന നേട്ട നികുതി നിർത്തലാക്കില്ലെന്ന് കേന്ദ്രം, പിരിച്ചത് 98,681 കോടി രൂപ

By Web Team  |  First Published Jul 30, 2024, 6:31 PM IST

2022-23 സാമ്പത്തിക വർഷം ഓഹരികളുടെ ദീർഘകാല മൂലധന നേട്ട നികുതിയിൽ നിന്ന് സർക്കാർ 98,681 കോടി രൂപ നേടിയതായി കേന്ദ്രം പാർലമെന്റിനെ അറിയിച്ചു


മൂലധന നേട്ട നികുതിയെക്കുറിച്ചുള്ള വിമർശനം കടുത്തുകൊണ്ടിരിക്കെ ദീർഘകാല മൂലധന നേട്ട നികുതിയിൽ നിന്നുള്ള വരുമാനം വെളിപ്പെടുത്തി കേന്ദ്ര സർക്കാർ. 2022-23 സാമ്പത്തിക വർഷം ഓഹരികളുടെ ദീർഘകാല മൂലധന നേട്ട നികുതിയിൽ നിന്ന് സർക്കാർ 98,681 കോടി രൂപ നേടിയതായി കേന്ദ്രം പാർലമെന്റിനെ അറിയിച്ചു. മ്യൂച്വൽ ഫണ്ടുകളുടെയും ഓഹരികളുടേയും ദീർഘകാല മൂലധന നേട്ടത്തിന് നികുതി ഏർപ്പെടുത്തുന്നത് ഏപ്രിൽ 2018 മുതലാണ്  . 2022-23 ൽ 98,681.34 കോടി രൂപയാണ് ദീർഘകാല മൂലധന നേട്ട നികുതി  ഇനത്തിൽ കേന്ദ്രത്തിന് ലഭിച്ചത്. 2021-22 സാമ്പത്തിക വർഷത്തിൽ സമാഹരിച്ച 86,075.49 കോടിയേക്കാൾ 15 ശതമാനം അധികമാണിത്. 2020-21ൽ ഏകദേശം 38,589 കോടി രൂപയും 2019-20ൽ 26,008 കോടി രൂപയും 2018-19ൽ 29,220 കോടി രൂപയുമാണ് ഈ ഇനത്തിൽ കേന്ദ്രം സമാഹരിച്ചത്.

2024-25 കാലയളവിൽ ഇക്വിറ്റി/മ്യൂച്വൽ ഫണ്ടുകളുടെ  ദീർഘകാല മൂലധന നേട്ട നികുതി നിർത്തലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരമൊരു നിർദ്ദേശമില്ലെന്ന് കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി   പാർലമെന്റിനെ അറിയിച്ചു. ജൂലൈ 23 ന് പ്രഖ്യാപിച്ച 2024-25 ലെ ബജറ്റിൽ ഓഹരികൾക്കും ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾക്കും  ദീർഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു. അതേ സമയം നികുതി പരിധി നേരത്തെുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

Latest Videos

undefined

എന്താണ് മൂലധന നേട്ട നികുതി?

ഒരു 'മൂലധന ആസ്തി' വിൽക്കുന്നതിലൂടെ ഉണ്ടാകുന്ന ഏതൊരു ലാഭമോ നേട്ടമോ 'മൂലധന നേട്ടത്തിൽ നിന്നുള്ള വരുമാനം' എന്നറിയപ്പെടുന്നു. ഈ ആസ്തിയുടെ കൈമാറ്റം നടക്കുന്ന അവസരത്തിൽ അത്തരം മൂലധന നേട്ടങ്ങൾക്ക് നികുതി ബാധകമാണ്. ഇതിനെ മൂലധന നേട്ട നികുതി എന്ന് വിളിക്കുന്നു. രണ്ട് തരത്തിലുള്ള മൂലധന നേട്ടങ്ങളുണ്ട്: ഹ്രസ്വകാല മൂലധന നേട്ടം (എസ്ടിസിജി), ദീർഘകാല മൂലധന നേട്ടം (എൽടിസിജി).

click me!