വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ
പയറുവർഗ്ഗങ്ങൾ, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വില പൊതുവിപണിയിൽ വർധിക്കുന്നതിനെത്തുടർന്ന് ഇവയുടെ വില നിരീക്ഷിക്കുന്നതിനുള്ള ഇടപെടലുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. രാജ്യത്തുടനീളം വീശിയടിച്ച ഉഷ്ണതരംഗം കാർഷിക മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇക്കാരണം കൊണ്ട് വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ചില അവശ്യസാധനങ്ങളുടെ ലഭ്യതയും വിലയും കേന്ദ്രം നിരീക്ഷിച്ചുവരികയാണ്. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഈ ഇനങ്ങളുടെ ശേഖരം എല്ലാ ആഴ്ചയും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രതിവാര റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വില വർധന പിടിച്ചുനിർത്തുന്നതിന് കേന്ദ്രസർക്കാർ പയർവർഗങ്ങളുടെ ഇറക്കുമതി ഉടൻ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ആഭ്യന്തര വിപണിയിൽ പയറുവർഗ്ഗങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണിത്. കാബിനറ്റ് സെക്രട്ടേറിയറ്റ്, ധനമന്ത്രാലയം, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, കൃഷി, കർഷക ക്ഷേമ വകുപ്പ്, ഉപഭോക്തൃകാര്യ വകുപ്പ് എന്നിവയുൾപ്പെടെയുള്ള മറ്റ് വകുപ്പുകൾ വില നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെ 570 മൊത്ത, ചില്ലറ വിൽപന കേന്ദ്രങ്ങളിൽ വില നിരീക്ഷണം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. അതേ സമയം ഉള്ളിയുടെ ലഭ്യതയിൽ നിലവിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതു കൊണ്ടുതന്നെ വിലക്കയറ്റ ഭീഷണിയും ഇല്ല. അതേ സമയം ഉള്ളിയുടെ വിലക്കയറ്റം ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന നിലക്ക് സർക്കാർ കർഷക സംഘടനകളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.