വളം ചാക്കുകളില്‍ ഇനി പ്രധാനമന്ത്രിയുടെ ചിത്രവും സന്ദേശവും; രാജ്യത്ത് എല്ലായിടത്തും ഒരേ ഡിസൈന്‍, സന്ദേശം ഇങ്ങനെ

By Web Team  |  First Published Aug 19, 2023, 7:52 AM IST

ചാക്കുകളില്‍ പുതിയ ഡിസൈന്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് കേന്ദ്ര രാസവളം മന്ത്രാലയം വെള്ളിയാഴ്ച വിവിധ വളം നിര്‍മാണ കമ്പനികളുടെ സിഎംഡിമാര്‍ക്കും എംഡിമാര്‍ക്കും കത്തയച്ചു. 


ന്യൂഡല്‍ഹി: വളം ചാക്കുകളില്‍ ഉപയോഗിക്കാനുള്ള പുതിയ ഡിസൈന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയതാണ് പുതിയ ഡിസൈന്‍. രാസ വളങ്ങളുടെ ഉപയോഗം കുറയ്ക്കാനാണ് ബാഗുകളിലുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി കര്‍ഷകരോട് ആവശ്യപ്പെടുന്നത്.

വളങ്ങള്‍ക്ക് എല്ലാം 'ഭാരത്' എന്ന ഒരൊറ്റ ബ്രാന്‍ഡ് നാമം നല്‍കുന്ന 'വണ്‍ നേഷന്‍, വണ്‍ ഫെര്‍ട്ടിലൈസേഴ്സ്' പദ്ധതി നടപ്പാക്കാന്‍ ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 'പ്രധാനമന്ത്രി ഭാരതീയ ജന്‍ഉര്‍വരക് പരിയോജന - പിഎംബിജെപി' എന്ന പേരിലുള്ള സബ്‍സിഡി പദ്ധതിയുടെ ലോഗോയ്ക്ക് കീഴിലായിരിക്കും എല്ലാ വളങ്ങളും ഇനി രാജ്യത്ത് പുറത്തിറങ്ങുക.

Latest Videos

undefined

വളങ്ങളുടെ ചാക്കുകളില്‍ ഉപയോഗിക്കാന്‍ പുതിയ ഡിസൈന്‍ തീരുമാനിച്ചതായും ഇതിനോടൊപ്പം രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ സന്ദേശം കൂടി ചാക്കുകളില്‍ ഉള്‍പ്പെടുത്തണമെന്നും കാണിച്ച് കേന്ദ്ര രാസവളം മന്ത്രാലയം വെള്ളിയാഴ്ച വിവിധ വളം നിര്‍മാണ കമ്പനികളുടെ സിഎംഡിമാര്‍ക്കും എംഡിമാര്‍ക്കും കത്തയച്ചു. മന്ത്രാലയം അംഗീകരിച്ച അന്തിമ ഡിസൈനും കത്തിനൊപ്പം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഭൂമിയെ സംരക്ഷിക്കാനായി രാസവളങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്നാണ് ഹിന്ദിയിലുള്ള സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. പുതിയ ഡിസൈനോടെയുള്ള ബാഗുകള്‍ ഉടന്‍ തന്നെ പുറത്തിറക്കണമെന്നാണ് കത്തിലെ ആവശ്യം. 

നിലവില്‍ യൂറിയക്ക് കേന്ദ്ര സര്‍ക്കാര്‍ പരമാവധി വില്‍പന വില നിശ്ചയിക്കുകയും ഈ വിലയും നിര്‍മാണ ചെലവും തമ്മിലുള്ള വ്യത്യാസം കമ്പനികള്‍ക്ക് സബ്‍സിഡിയായി നല്‍കുകയുമാണ് ചെയ്യുന്നത്. 2010ല്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ന്യൂട്രിയന്റ് ബേസ്‍ഡ് സബ്‍സിഡി സ്കീം അനുസരിച്ച് നൈട്രജന്‍, ഫോസ്ഫേറ്റ്, പൊട്ടാഷ്, സള്‍ഫര്‍ എന്നിങ്ങനെയുള്ള ഓരോ ഘടകങ്ങള്‍ക്കും കിലോഗ്രാം അടിസ്ഥാനത്തില്‍ സബ്‍സിഡി നിജപ്പെടുത്തുകയും വാര്‍ഷിക അടിസ്ഥാനത്തില്‍ കൈമാറുകയുമാണ് ചെയ്യുന്നത്.

Read also: കെ ഫോണിൽ ഖജനാവിന് നഷ്ടം 36 കോടിയിലേറെയെന്ന് സിഎജി, കൺസോർഷ്യം കരാർ നൽകിയത് വ്യവസ്ഥകൾ മറികടന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!