നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി; ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ

By Web Team  |  First Published Jun 10, 2023, 12:01 PM IST

ഈ നിയമം പാലിച്ചില്ലെങ്കിൽ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗൂഗിൾ. 


ദില്ലി: സ്ഥിരമായി ഓഫീസിൽ വരാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ഗൂഗിൾ. കമ്പനി അതിന്റെ ഹൈബ്രിഡ് വർക്ക് പോളിസി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ വരേണ്ടതുണ്ട്.  ജീവനക്കാരുടെ ഹാജർ പരിശോധിക്കുകയും ഓഫീസിൽ എത്താത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്. 

ജീവനക്കാർ ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസുകളിൽ വരണമെന്ന് ജീവനക്കാർക്ക് അയച്ച ഔദ്യോഗിക ഇമെയിലിൽ, ഗൂഗിളിന്റെ ചീഫ് പീപ്പിൾ ഓഫീസറായ ഫിയോണ സിക്കോണി പറയുന്നു. ഓഫീസിൽ എത്തുന്നതിൽ സ്ഥിരത പുലർത്താത്ത ജീവനക്കാർക്കുള്ള മുന്നറിയിപ്പ് ആണിത്. 

Latest Videos

undefined

ഓഫീസിന് സമീപമുള്ളവർക്കും ദൂരെയുള്ളവർക്കും ഒരു ഹൈബ്രിഡ് വർക്ക് ഷെഡ്യൂളിലേക്ക് മാറാം. ഗൂഗിളിന്റെ കമ്മ്യൂണിറ്റിയുമായി കൂടുതൽ ബന്ധമുണ്ടാകണമെങ്കിൽ ഓഫീസിൽ എത്തിയെ തീരു. ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ കൊണ്ടുവരാൻ ഗൂഗിൾ ശക്തമായ ശ്രമം നടത്തുന്നതായി സമീപകാല നയ അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നു. നെഗറ്റീവ് ഫീഡ്‌ബാക്ക് കാരണം തുടക്കത്തിൽ റിമോട്ട് വർക്ക് പ്ലാനുകളിൽ ഇളവ് വരുത്തിയതിന് ശേഷമാണ് ഈ മാറ്റം. മുൻകാലങ്ങളിൽ, ഓഫീസിലേക്ക് മടങ്ങാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഗൂഗിൾ വിവിധ തന്ത്രങ്ങൾ പരീക്ഷിച്ചിട്ടുണ്ട്, സംഗീതകച്ചേരികൾ, മാർച്ചിംഗ് ബാൻഡുകള്‍ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ മത്സരിക്കാനുള്ള ഗൂഗിളിന്റെ ശ്രമങ്ങളുമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ബന്ധിപ്പിക്കാം. മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ പോലുള്ള കമ്പനികളിൽ നിന്ന് ശക്തമായ മത്സരം ഗൂഗിൾ നേരിടുന്നു. കമ്പനിയുടെ പദ്ധതികളും ആശയങ്ങളും സംരക്ഷിക്കുന്നതിനായി കമ്പനിക്കുള്ളിൽ അനധികൃതമായി വിവരങ്ങൾ പങ്കിടുന്നത് തടയുന്നത് ഉൾപ്പെടെയുള്ള വിവിധ തന്ത്രങ്ങൾ ഗൂഗിൾ നടപ്പിലാക്കുന്നു. എന്നിരുന്നാലും, ഒരേസമയം, കമ്പനി ചെലവ് ചുരുക്കൽ നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ഗൂഗിൾ അടുത്തിടെ സാൻ ജോസിലെ കാമ്പസിന്റെ നിർമ്മാണം നിർത്തി.  ഓരോ ജീവനക്കാർക്കും സ്വന്തമായി ഓരോ ഡെസ്‌ക് നൽകുന്നതിനുപകരം, ഗൂഗിൾ തങ്ങളുടെ ജീവനക്കാരെ വർക്ക്‌സ്‌പെയ്‌സ് പങ്കിടാൻ പ്രോത്സാഹിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്.

click me!