സ്വർണ വില താഴുമോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയോ? വിലക്കയറ്റത്തിന്റെ കാരണങ്ങൾ ഇവ

By Kiran Gangadharan  |  First Published Mar 18, 2023, 12:33 PM IST

ഇന്നത്തെ നിലയിൽ സ്വർണ വിലയിൽ കുതിപ്പിന്റെ തുടക്കം 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്നായിരുന്നു


തിരുവനന്തപുരം: വിവാഹ സീസൺ മുറ്റത്ത് നിൽക്കെ, കേരളത്തിലെ വീടുകളിൽ തീ കോരിയിട്ട പ്രതീതിയാണ്. സ്വർണവില സകലകാല റെക്കോർഡുകളും ഭേദിച്ച് മുന്നോട്ട് പോവുകയാണ്. ഇന്ന് 44040 രൂപയിലേക്ക് വില ഉയർന്നതോടെ, ഇതുവരെയുള്ള ഉയർന്ന വിലകളെല്ലാം പഴങ്കഥയായി മാറുകയും ചെയ്തു. ഇപ്പോൾ സ്വർണം വാങ്ങുന്നത് ബുദ്ധിയാണോയെന്നും വില ഇനിയും കൂടുമോ അല്ല കുറയുമോയെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതിനൊക്കെ ഉത്തരം കിട്ടാൻ ഇപ്പോഴത്തെ സ്വർണവില വർധനയുടെ കാരണങ്ങളും ആദ്യം അറിയണം.

അമേരിക്കൻ പ്രസിഡന്റും സ്വർണവും

Latest Videos

undefined

സ്വർണം കറൻസിയായാണ് വാണിജ്യ ലോകം കാണുന്നത്. ഈ നിലയിലേക്ക് ഈ ലോഹത്തിന് മാറ്റം സംഭവിച്ചത് 1971 ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് മിലോസ് നിക്സൺ സ്വീകരിച്ച തീരുമാനത്തെ തുടർന്നായിരുന്നു. സ്വർണത്തെ കറൻസിയായി അംഗീകരിച്ച അദ്ദേഹത്തിന്റെ തീരുമാനത്തോടെ മഞ്ഞലോഹം പ്രധാന നിക്ഷേപ മാർഗമായി സ്വീകരിക്കപ്പെട്ടു. അന്ന് ഔൺസിന് 35 ഡോളറായിരുന്നു വില. ഇന്നാകട്ടെ 1812.90 ഡോളറാണ് വില. അന്ന് മുതലിന്നു വരെ 55 മടങ്ങാണ് വിലയിലുണ്ടായ വർധന. ഏതാണ്ട് 16500 ശതമാനം വർധനവ് രേഖപ്പെടുത്തി.

കേരളത്തിൽ 1973 ൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 220  രൂപയായിരുന്നു. ഈ കാലയളവിനിടെ 190 മടങ്ങ് വർദ്ധനവാണ് സ്വർണത്തിന്റെ വിലയിൽ ഉണ്ടായത്. ഏതാണ് 19000 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1973 ൽ 24 കാരറ്റ് തങ്കക്കട്ടി കിലോയ്ക്ക് 27850 രൂപയായിരുന്നു. ഇന്ന് 59 ലക്ഷം രൂപയാണ് ഒരുകിലോഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില.

ഈ കുതിപ്പും ആ മാന്ദ്യവും

ഇന്നത്തെ നിലയിൽ സ്വർണ വിലയിൽ കുതിപ്പിന്റെ തുടക്കം 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്നായിരുന്നു. 2008 ൽ ട്രോയ് ഔൺസിന് 700 ഡോളറായിരുന്നു സ്വർണ വില. 2011 ലേക്ക് എത്തിയപ്പോഴേക്കും വില 1900 ഡോളറിലേക്ക് എത്തി. ഓഹരി വിപണിയിൽ കനത്ത നഷ്ടം നേരിട്ടതോടെ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് നിക്ഷേപം വർധിപ്പിച്ചതായിരുന്നു ഈ നിലയിൽ വില ഉയരാൻ കാരണമായത്. ഇതോടെ കേരളത്തിലടക്കം സ്വർണ വില കുതിച്ചു. 2011 ൽ സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 3030 രൂപയും പവൻ വില 24240 രൂപയുമായി. 2008 ൽ 1150 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇതാണ് 24240 ലേക്ക് എത്തിയത്.

ഇന്ത്യൻ രൂപ ഡോളറുമായുള്ള വിനിമയ നിരക്കിൽ വന്ന ദുർബലാവസ്ഥയും ഇറക്കുമതി ചുങ്കം 2 ശതമാനത്തിൽ നിന്നും 15 ശതമാനമായി ഉയർത്തിയതും അഭ്യന്തര വില ഉയരാൻ കാരണമായെന്ന് സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ളവർ പറയുന്നു. 2011 ൽ ഡോളറിനെതിരെ വിനിമയ നിരക്ക് 46 രൂപയായിരുന്നു. ഇപ്പോൾ 82.49 രൂപയായി ഉയർന്നു. സ്വർണത്തിന്റെ അന്താരാഷ്ട്ര വില ഉയർന്നതിനൊപ്പം രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞത് കനത്ത തിരിച്ചടിയായി.

ഇനി ഒരു മടക്കം ഉണ്ടാവുമോ?

ലോകത്ത് ഇപ്പോൾ ഒരു സാമ്പത്തിക മാന്ദ്യത്തിന്റേതായ പ്രതീതി ഉയർന്നിട്ടുണ്ട്. അതിലേക്ക് നയിച്ച പ്രധാന കാരണം റഷ്യ - യുക്രൈൻ യുദ്ധവും ഇതോട് അനുബന്ധിച്ചുള്ള വ്യാപാര വാണിജ്യ രംഗത്തെ മാറ്റങ്ങളുമാണ്. വിലക്കയറ്റം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അതിരൂക്ഷമായി. പലിശ നിരക്കുകൾ ഉയർത്തി അമേരിക്കൻ ഫെഡറൽ റിസർവ് വിലക്കയറ്റം പിടിച്ചുനിർത്താൻ ശ്രമിക്കുന്നു. വൻകിട കമ്പനികളെല്ലാം പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. യൂറോപ്യൻ രാജ്യങ്ങളാകട്ടെ പ്രതിസന്ധികളിൽ നട്ടംതിരിയുകയാണ്. ഈ സാഹചര്യങ്ങൾ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നുണ്ട്. 

അമേരിക്കയിലെ സിലിക്കൺവാലി ബാങ്കും സിഗ്നേച്ചർ ബാങ്കും സിൽവർ ഗേറ്റ് ബാങ്കും തകർന്നത് പ്രതിസന്ധികളുടെ ആക്കം കൂട്ടി. സ്വിസ് ബാങ്കും തകർച്ചയിലേക്കെന്ന വാർത്തകൾ വന്നു. ലോകത്തെ അതിസമ്പന്നരും സ്റ്റാർട്ടഅപ്പുകളും നിക്ഷേപകരും തങ്ങളുടെ പണം സൂക്ഷിച്ചിരുന്ന ഈ പ്രധാന ബാങ്കുകൾ തകർന്നത് സ്വർണത്തിലേക്ക് നിക്ഷേപം ഉയരാൻ കാരണമായി. ഈ സാഹചര്യവും സ്വർണവിലയിലെ വൻ കുതിപ്പിന് കാരണമാണ്.

ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുകയും സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതീതി ലോകത്ത് നിന്ന് തത്കാലത്തേക്കെങ്കിലും അകന്നുപോവുകയും ചെയ്യാതെ സ്വർണവിലയിൽ വലിയ മാറ്റം ഉടനെ പ്രതീക്ഷിക്കേണ്ടെന്നാണ് വിലയിരുത്തൽ. 1989 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര സ്വർണ വില. ഇത് 2000 ഡോളർ മറികടക്കുകയാണെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ മറ്റൊരു പുതിയ റെക്കോർഡ് പിറക്കുമെന്ന പ്രതീതിയുണ്ട്. 2070 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇതുവരെയുള്ള റെക്കോർഡ് വില. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ഇന്ത്യയിലും കേരളത്തിലും വില ഉയരാനുള്ള സാധ്യതകളാണ് ഉള്ളത്.

click me!