യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും ഗോ ഫസ്റ്റ്
ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 28 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ജൂൺ 24-നകം സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിരവധി യാത്രക്കാർക്ക് നിരാശാജനകമായ വാർത്തയാണിത്. നേരത്തെ ജൂൺ 24 വരെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും, എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിസന്ധികൾ കമ്പനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. ഉടൻ ബുക്കിംഗ് പുനരാരംഭിക്കാൻ കഴിയും എന്ന് ഗോ ഫസ്റ്റ് പറഞ്ഞു. മെയ് ആദ്യം എയർലൈൻ ഓപ്പറേറ്റർ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നൽകിയിരുന്നു, അതിനുശേഷം പ്രവർത്തനങ്ങൾ സ്തംഭിച്ചു.
undefined
ജൂൺ അവസാനത്തോടെ കാരിയറിന് ഫ്ലൈറ്റ് പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ശൈലേന്ദ്ര അജ്മേരയെ ഗോ ഫസ്റ്റ് റെസല്യൂഷൻ പ്രൊഫഷണലായി നിയമിക്കുന്നതിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അനുമതി നൽകിയ സാഹചര്യത്തിലാണ് സൂചന. ജൂൺ അവസാനത്തോടെ പ്രതിദിന ഫ്‌ളൈറ്റുകളുടെ 94 ശതമാനവും പുനഃസ്ഥാപിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്.
ഈ മാസം ആദ്യം, എയർലൈൻ ഡിജിസിഎയ്ക്ക് ഒരു പുനരുജ്ജീവന പദ്ധതി സമർപ്പിച്ചിരുന്നു, രണ്ട് വർഷം മുമ്പ് ഗോ ഫസ്റ്റ് എന്ന് പുനർനാമകരണം ചെയ്ത ഗോ എയർ എയർലൈൻ, ഇന്ത്യൻ വ്യോമയാന വിപണിയുടെ 6.4 ശതമാനം നിയന്ത്രിക്കുന്നു. സമീപകാല നഷ്ടങ്ങൾക്കിടയിലും ഗോ ഫസ്റ്റ് -ന് ഇപ്പോഴും 500-ലധികം പൈലറ്റുമാർ ഉണ്ടെന്നാണ് കണക്കുകൾ.