ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വിലവിവരവും, ഉപഭോക്താക്കൾ കാണുന്ന രീതിയിൽ എഴുതി പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട് ലെറ്റുകളിലും പാലിക്കാറില്ല.
തിരുവനന്തപുരം: ഓപ്പറേഷൻ മൂൺ ലൈറ്റ് പരിശോധന നടത്തിയ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ കീഴിലുള്ള 78 ബെവ്കോ ഔട്ട് ലെറ്റുകളിൽ 70 എണ്ണത്തിലും ക്രമക്കേട് കണ്ടെത്തി. മദ്യം വിറ്റ കണക്കും കൗണ്ടറിൽ നിന്നും കിട്ടിയ പണത്തിലും വ്യത്യാസമടക്കം നിരവധി ക്രമക്കേടുകളാണ് വിജിലൻസ് സംഘം കണ്ടെത്തിയത്.
ഔട്ട്ലെറ്റുകളിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്നും യഥാർത്ഥ വിലയേക്കാൾ കൂടുതൽ തുകചില ഉദ്ദ്യോഗസ്ഥർ ഈടാക്കുന്നു. ചില ഔട്ട് ലെറ്റുകളിൽ ബില്ല് നൽകാതെ അന്യ സംസ്ഥാനക്കാരായ ഉപഭോക്താക്കൾക്ക് മദ്യം വിൽക്കുന്നു. കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേൽപ്പിക്കുകയാണ്. പ്രത്യുപകാരമായി മദ്യകമ്പനികളുടെ ഏജന്റുമാരിൽ നിന്നും കൈക്കൂലിയായി കമ്മീഷൻ ചില ഉദ്യോഗസ്ഥർ കൈപ്പറ്റുന്നുണ്ട്.
undefined
ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വിലവിവരവും, ഉപഭോക്താക്കൾ കാണുന്ന രീതിയിൽ എഴുതി പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട് ലെറ്റുകളിലും പാലിക്കാറില്ല. പൊട്ടാത്തമദ്യക്കുപ്പികൾ ചില ഔട്ട് ലെറ്റുകളിൽ പൊട്ടിയ ഇനത്തിൽ തെറ്റായി കാണിച്ച് ബില്ല് നൽകാതെ വിറ്റ് ഉദ്യോഗസ്ഥർ പണം വീതിച്ചെടുക്കുന്നു. മദ്യക്കുപ്പി പൊതിഞ്ഞ് നൽകുന്നതിനുള്ള കടലാസ് പല ഉദ്ദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നു.
ചില ഔട്ടലെറ്റുകളിൽ ഉപഭോക്ത്താക്കൾക്ക് മദ്യം പൊതിയാതെ നൽകുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകിട്ട് 6.30 മുതൽ ‘OPERATION MOONLIGHT’എന്ന പേരിൽതിരഞ്ഞെടുത്ത ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തിയത്. തിരുവനന്തപുരം ജില്ലയിലെ 11-ഉം എറണാകുളം ജില്ലയിലെ 10-ഉം കോഴിക്കോട് 6-ഉംകൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ 5 വീതവും തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോർഡ് എന്നീ ജില്ലകളിലെ നാല് വീതവും ഉൾപ്പെടെ ആകെ 78 ബെബ്കോ ഔട്ട് ലെറ്റുകളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തിയത്.
വിജിലൻസ് പരിശോധന നടത്തിയ 78 ഔട്ട്ലെറ്റുകളിൽ 70 ഔട്ട് ലെറ്റുകളിലും മദ്യം വിറ്റ തുകയും കൗണ്ടറിൽ കാണപ്പെട്ട തുകയും തമ്മിൽ വ്യത്യാസം കാണ്ടെത്തി. വ്യത്യാസം കണ്ട ഭൂരിപക്ഷം ഔട്ടലെറ്റുകളിലും കൗണ്ടറിൽ കാണേണ്ട യഥാർത്ഥ തുകയേക്കാൾ കുറവാണ്, ചില ഔട്ട് ലെറ്റുകളിൽ അധികമായും തുക കണ്ടെത്തിയിട്ടുണ്ട്. ക്യാഷ് കൗണ്ടറിൽ തുക കുറയാനുള്ള സാഹചര്യം വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനയ്ക്ക് വിജിലൻസ് വിധേയമാക്കും.
കഴിഞ്ഞ ഒരു വർഷം ഓരോ ഔട്ട് ലെറ്റിൽ നിന്നും വിറ്റഴിച്ച മദ്യത്തിന്റെ ബ്രാൻഡ് പരിശോധിച്ചതിൽ കാസർഗോഡ്, മലപ്പുറം, പാലക്കാട്, കണ്ണൂർ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിലെ ചില ഔട്ട് ലെറ്റുകൾ വഴി ചില പ്രത്യേകതരം മദ്യം മാത്രം കൂടുതൽ വിറ്റഴിച്ചതായും, ആയതിന് പിന്നിൽ ബെവ്കോ ഉദ്യോഗസ്ഥരെ പ്രസ്തുത മദ്യകമ്പനികളുടെ ഏജന്റുമാർ സ്വാധീനിച്ചിട്ടുണ്ടോയെന്ന് വിജിലൻസ് വരും ദിവസങ്ങളിൽ പരിശോധിക്കുന്നതാണ്.
ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ പാലക്കാട് ജില്ലയിലെ കാഞ്ഞിരം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ എന്നീ ഔട്ട് ലെറ്റിലെ സ്റ്റോക്കുകളിൽ മദ്യം കുറവുള്ളതായും വിജിലൻസ് കണ്ടെത്തി. പലജില്ലകളിലും മദ്യത്തിന്റെ സ്റ്റോക്ക് വിവരം പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിച്ചിട്ടില്ലയെന്നും വിജിലൻസ് കണ്ടെത്തി.
കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് പൊട്ടിയ ഇനത്തിൽ മാറ്റിയ മദ്യത്തിന്റെ അളവ് പരിശോധിച്ചപ്പോൾ പാലക്കാട് ജില്ലയിലെ ആലത്തൂർ ഔട്ട് ലെറ്റിൽ 885 ബോട്ടിലുകളും, കാസർഗോഡ് ജില്ലയിലെ നീലേശ്വരം ഔട്ട് ലെറ്റിൽ 881 ബോട്ടിലുകളും, തൃശൂർ ജില്ലയിലെ ഗുരുവായൂർ ഔട്ട് ലെറ്റിൽ 758 ബോട്ടിലുകളും,കോഴിക്കോട് ജില്ലയിലെ ഇഴഞ്ഞിപ്പാലം ഔട്ട് ലെറ്റിൽ 641 ബോട്ടിലുകളും, കൊല്ലം ജില്ലയിലെ കുരീപ്പുഴ ഔട്ട് ലെറ്റിൽ 615 ബോട്ടിലുകളും, തിരുവനന്തപുരം ജില്ലയിലെ ഉള്ളൂർ ഔട്ട് ലെറ്റിൽ 600 ബോട്ടിലുകളും, കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഔട്ട് ലെറ്റിൽ 488 ബോട്ടിലുകളും, കാസർഗോഡ് ഔട്ട് ലെറ്റിൽ 448 ബോട്ടിലുകളും, ഇടുക്കി ജില്ലയിലെ രാമനാട് ഔട്ട് ലെറ്റിൽ 459 ബോട്ടിലുകളും, മൂന്നാർ ഔട്ട് ലെറ്റിൽ 434 ബോട്ടിലുകളും, കോഴിക്കോട് ജില്ലയിലെ കുട്ടനെല്ലൂർ ഔട്ട് ലെറ്റിൽ354 ബോട്ടിലുകളും, മൂന്നാർ ജില്ലയിലെ മുണ്ടക്കയം ഔട്ട് ലെറ്റിൽ 305 ബോട്ടിലുകളും, പാലക്കാട് ജില്ലയിലെ പാപമണി ഔട്ട് ലെറ്റിൽ 310 ബോട്ടിലുകളും,പൊട്ടിയ ഇനത്തിൽ മാറ്റി.
പാലക്കാട് ജില്ലയിലെ കൊളപ്പുള്ളി ഔട്ട് ലെറ്റിൽ 3,93,000 രൂപയുടെ മദ്യവും കോഴിക്കോട് ജില്ലയിലെ കാർക്കംകുളം ഔട്ട് ലെറ്റിൽ 3,75,100 രൂപയുടെ മദ്യവും, ആലപ്പുഴ അന്ധകാരനാഴി ഔട്ട് ലെറ്റിൽ 2,87,000 രൂപയുടെ മദ്യവും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മദ്യകുപ്പി പൊട്ടിയ ഇനത്തിൽ മാറ്റിവച്ചതായും വിജിലൻസ് കണ്ടെത്തി. ഇപ്രകാരം പൊട്ടിയതായി കാണിച്ച് കൂട്ടിയിട്ടിരിക്കുന്ന കുപ്പികൾ വിജിലൻസ് സംഘം പരിശോധിച്ചതിൽ പകുതിയിലധികവും പ്ലാസ്റ്റിക് കുപ്പികൾ ആണെന്നും, ചില ഔട്ട് ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പികൾ പരിശോധിച്ചപ്പോൾ പൊട്ടിയതായി കണ്ടെത്തിയുമില്ല.
ആചില ഔട്ട് ലെറ്റുകളിൽ മാത്രം ക്രമാതീതമായി മദ്യകുപ്പികൾ പൊട്ടിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുന്നതാണെന്ന് വിജിലൻസ് അറിയിച്ചു. കൂടാതെ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ ഒട്ടുമിക്ക ബെവ്കോ ഔട്ട് ലെറ്റുകളിലും ഉപഭോക്താക്കൾക്ക് മദ്യം പൊതിഞ്ഞു നൽകുന്നില്ലയെന്നും, എന്നാൽ പൊതിഞ്ഞ് നൽകുന്നതിനുള്ള ന്യൂസ് പേപ്പർ മാനേജർമാർ വാങ്ങുന്നതായും വിജിലൻസ് കണ്ടെത്തി.
ഇപ്രകാരം ഇടുക്കി ജില്ലയിലെ ഒരു ഔട്ട് ലെറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 23,032/- രൂപയുടെ ന്യൂസ് പേപ്പർ വാങ്ങിയതായും എന്നാൽ വിജിലൻസ് പരിശോധിക്കാൻ എത്തിയ സമയം അവിടെ നിന്നും ന്യൂസ് പേപ്പറിൽ പൊതിയാതെയാണ് മദ്യം നൽകുന്നതെന്നും വിജിലൻസ് കണ്ടെത്തി. ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ ചില ഷോപ്പ് മാനേജർമാർ ബിവറേജ് കോർപ്പറേഷന്റെ അനുമതിയില്ലാതെ ദിവസവേതനത്തിൽ ജോലിക്കാരെ നിയമിച്ചിരിക്കുന്നതായി വിജിലൻസ് കണ്ടെത്തി. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ രണ്ടു പേർ വീതവും, കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഓരോ ആൾ വീതവും ഇപ്രകാരം ജോലി നോക്കുന്നത് വിജിലൻസ് കയ്യോടെ പിടികൂടി.
കണ്ണൂർ ജില്ലയിലെ താഴെചൊവ്വ, താണെ എന്നീ ബെവ്കോ ഔട്ട്ലെറ്റുകളിൽ കഴിഞ്ഞ ഒരു വർഷമായി എക്സൈസ് പരിശോധന നടത്തിയിട്ടില്ലയെന്നും വിജിലൻസ് കണ്ടെത്തി. ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതാണെന്നും,കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് മേൽനടപടിക്കായി സർക്കാരിലേക്ക് അയച്ചുനൽകുന്നതാണെന്നും വിജിലൻസ് ഡയറക്ടർ ടികെ വിനോദ് കുമാർ ഐ.പി.എസ് അറിയിച്ചു.
വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ. ഐ.പി.എസ്-അവർകളുടെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ശ്രീമതി.ഹർഷിത അത്തല്ലൂരി. ഐ.പി.എസ്-ന്റെ മേൽനോട്ടത്തിലും പൊലീസ് സൂപ്രണ്ട് (ഇന്റ്) ചുമതല വഹിക്കുന്ന റെജി ജേക്കബ് ഐ.പി.എസ്സ്-ന്റെ നേതൃത്വത്തിലും നടക്കുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.