'മാമനോട് ഒന്നും തോന്നല്ലേ.. ' ലോകകപ്പ് കാണാൻ പറക്കണോ? ടിക്കറ്റ് നിരക്കുകൾ കണ്ട് ഞെട്ടി യാത്രക്കാർ

By Web Team  |  First Published Nov 18, 2023, 4:48 PM IST

ഫൈനൽ മൽസരം നടക്കുന്ന അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കെല്ലാം കുത്തനെ കൂട്ടിയാണ്  വിമാനക്കമ്പനികൾ നേട്ടം കൊയ്യുന്നത്.


ലോകകപ്പ് ഫൈനൽ മൽസരത്തിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത് ആരായിരിക്കും..കണ്ണും പൂട്ടി പറയാം,,അതിലൊന്ന് വിമാനക്കമ്പനികൾ ആയിരിക്കും. ഫൈനൽ മൽസരം നടക്കുന്ന അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കെല്ലാം കുത്തനെ കൂട്ടിയാണ്  വിമാനക്കമ്പനികൾ നേട്ടം കൊയ്യുന്നത്. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ടിക്കറ്റ് നിരക്ക് 39,000 രൂപ വരെയും മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് 32,000 രൂപ വരെയുമാണ് നിരക്ക്.  ബെംഗളൂരുവിൽ നിന്ന്  ഫൈനൽ കാണാൻ പോകണമെങ്കിൽ 26,999 മുതൽ 33,000 രൂപ വരെ  നൽകേണ്ടി വരും.  കൊൽക്കത്തയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകാൻ  40,000 രൂപയാണ് നിരക്ക്. അയൽ ജില്ലയായ വഡോദരയിൽ നിന്ന് റോഡ് മാർഗം രണ്ട് മണിക്കൂറിനുള്ളിൽ അഹമ്മദാബാദിലെത്താൻ സാധിക്കും എന്നതിനാൽ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും വഡോദരയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും ഉയർന്നു.

ഉയർന്ന നിരക്കും സീറ്റുകളുടെ പരിമിതമായ ലഭ്യതയും ഉയർന്ന ഡിമാൻഡും കാരണം കൂടുതലായി സർവീസ് നടത്തുന്നതിന് വിമാനക്കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്.  വിസ്താര നവംബർ 18, 20 തീയതികളിൽ ഡൽഹിക്കും അഹമ്മദാബാദിനുമിടയിൽ പ്രത്യേക സർവീസ് നടത്തും. ഇൻഡിഗോയും വിസ്താരയും രണ്ട് ദിവസത്തേക്ക് മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ ഓരോ വിമാനം വീതം വിന്യസിച്ചിട്ടുണ്ട്. ഹൈദരാബാദ്-അഹമ്മദാബാദ് സെക്ടറിനൊപ്പം ബെംഗളൂരു-അഹമ്മദാബാദ് സെക്ടറിലും ഇൻഡിഗോ ഒരു സർവീസ് അധികമായി ഏർപ്പെടുത്തി. അടുത്ത  മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകൾ എങ്ങനെ വിൽക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ച് കൂടുതൽ എയർലൈനുകൾ സർവീസുകൾ ഏർപ്പെടുത്തിയേക്കും.
 
അതേ സമയം ഹോട്ടൽ മുറികളുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.താമസസൗകര്യം ഇല്ലാത്തതിനാൽ   മത്സരത്തിന്റെ  തലേദിവസം   എത്താൻ കഴിയാത്തവരെ സഹായിക്കാൻ ഞായറാഴ്ച രാവിലെ  സർവീസ് നടത്താനും വിമാനക്കമ്പനികൾ ആലോചിക്കുന്നുണ്ട്.

click me!