ഭവന വായ്പ എടുക്കാൻ പ്ലാൻ ഉണ്ടോ; അധിക ചെലവ് അറിഞ്ഞിരിക്കണം

By Web Team  |  First Published Nov 27, 2023, 6:00 PM IST

പലിശ മാത്രമാണ് ഭവന വായ്പയ്ക്ക് അനുബന്ധമായുള്ള അധിക ചെലവ് എന്ന് തെറ്റിദ്ധരിക്കരുത്. ഭവന വായ്പ എടുക്കുമ്പോള്‍ അധികമായി ബാങ്കുകൾ എന്തെല്ലാം ഇനത്തിലുള്ള തുകയാണ് ഈടാക്കുന്നതെന്ന് നോക്കാം.
 


സ്വന്തമായി വീട് പണിയാന്‍ പോകുന്ന സമയത്ത് പലര്‍ക്കും ആശ്രയമാകുന്ന ഒന്നാണ് ഭവന വായ്പകള്‍.  ധാരാളം നടപടി ക്രമങ്ങളിലൂടെ കടന്നുപോയാല്‍ മാത്രമേ ഭവന വായ്പ ലഭിക്കൂ. പക്ഷെ അതേ സമയം തന്നെ പലിശ മാത്രമാണ് ഭവന വായ്പയ്ക്ക് അനുബന്ധമായുള്ള അധിക ചെലവ് എന്ന് തെറ്റിദ്ധരിക്കരുത്. ഭവന വായ്പ എടുക്കുമ്പോള്‍ അധികമായി ബാങ്കുകൾ എന്തെല്ലാം ഇനത്തിലുള്ള തുകയാണ് ഈടാക്കുന്നതെന്ന് നോക്കാം.

പ്രോസസ്സിംഗ് ഫീസ്: ഇത് ലോൺ അപേക്ഷാ പ്രോസസ്സിംഗ് സമയത്ത് ഒറ്റത്തവണത്തേയ്ക്ക് മാത്രം നൽകേണ്ട തുകയാണ്. ഇത് തിരികെ ലഭിക്കില്ല.  സാധാരണയായി ലോൺ തുകയുടെ 0.5% മുതൽ 1% വരെയാണ് പ്രോസസിംഗ് ഫീസായി നൽകേണ്ടി വരിക.

നിയമപരമായ ചാർജുകളും മൂല്യനിർണ്ണയ ഫീസും: ഈടായി നൽകുന്ന ആസ്തികളുടെ രേഖകൾ ബാങ്കുകൾ കൃത്യമായി പരിശോധിക്കും.  നിയമപരമായുള്ള ഈ  സൂക്ഷ്മമായ പരിശോധനയുടെ ചെലവ് വായ്പ എടുക്കുന്ന വ്യക്തിയിൽ നിന്നാണ് ബാങ്കുകൾ ഈടാക്കുക . ആസ്തി നിയമപരമായ മറ്റ് ബാധ്യതകളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന.  ആസ്തികളുടെ മൂല്യം വായ്പാ തുകയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനയ്ക്കുള്ള തുകയും വായ്പ എടുക്കുന്നയാൾ  നൽകണം.
 
ഇൻഷുറൻസ് പ്രീമിയങ്ങൾ: അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന്  വീട് പരിരക്ഷിക്കുന്നതിന്, ഭവന വായ്പ ഇൻഷുറൻസ് അല്ലെങ്കിൽ മോർട്ട്ഗേജ് പ്രൊട്ടക്ഷൻ ഇൻഷുറൻസ് പോലുള്ള ഇൻഷുറൻസ് എടുക്കാൻ  ബാങ്കുകള്‍ നിർബന്ധിക്കും. ഈ പ്രീമിയവും വായ്പ എടുക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം  ഒരു അധിക ചിലവാണ്.

അതേ സമയം ഹോം ലോണുകൾ നേരത്തെ അടച്ചു തീർക്കുകയാണെങ്കിൽ അതിന് പ്രത്യേക ചാർജുകൾ ഈടാക്കുന്നതിന് ബാങ്കുകൾക്ക് അധികാരമില്ല.

click me!