ഉദ്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം; വന്‍ ജനത്തിരക്കില്‍ വീര്‍പ്പുമുട്ടി ഹൈദരാബാദിലെ ലുലു മാള്‍

By Web Team  |  First Published Oct 4, 2023, 8:36 PM IST

മാളിന്റെ എല്ലായിടത്തും ആദ്യം ദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.  ഉപയോക്താക്കളുടെ അമിതമായ തിരക്ക് കാരണം മാളിലെ എസ്കലേറ്ററുകൾ പ്രവർത്തിക്കുന്നത് പോലും നിർത്തിവെച്ചു.


ഹൈദരാബാദ്: ഹൈദരാബാദിലെ ലുലു മാൾ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വീര്‍പ്പുമുട്ടിച്ച് വന്‍ജനക്കൂട്ടം. മാളിലെ ജീവനക്കാരും സുരക്ഷാ ഉദ്യോ​ഗസ്ഥരും തിരക്ക് നിയന്ത്രിക്കാന്‍ പാടുപെട്ടു. നഗരത്തില്‍ പുതിയതായി തുറന്ന മാളിനെ ആദ്യ ദിനം തന്നെ ജനങ്ങള്‍ ഏറ്റെടുത്ത കാഴ്ചയായിരുന്നു എങ്ങും. മാളിലേക്ക് എത്തിയവരുടെ തിരക്ക് അനിയന്ത്രിതമായതോടെ പുറത്ത് റോഡില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

ഹൈദരാബാദിലെ കുക്കട്ട്പള്ളിയിലാണ് ലുലുമാൾ തുറന്നത്. സെപ്റ്റംബർ 27 നായിരുന്നു ഉദ്ഘാടനം. ഉദ്ഘാടന ദിവസം തന്നെ ആയിരങ്ങളാണ് മാളിൽ എത്തിയത്. അഞ്ച് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 300 കോടി രൂപ ചെലവിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  അനിയന്ത്രിതമായ ജനക്കൂട്ടം മാളില്‍ ചെറിയ തോതിലുള്ളപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

Latest Videos

undefined

ചിലര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഭക്ഷ്യ വസ്തുക്കൾ പണം നല്‍കി ബില്‍ ചെയ്യാതെ അവിടെ വെച്ചുതന്നെ ഭക്ഷിച്ച ശേഷം അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞതിന്റയും ചില സാധനങ്ങള്‍ എടുത്തുകൊണ്ടു പോയതിന്റെയും ദൃശ്യങ്ങളാണ്  സോഷ്യൽമീഡിയയിൽ വൈറലായത്. ഇത്തരം മോശമായ പ്രവൃത്തികള്‍ നഗരത്തിന്റെ സല്‍പ്പേര് കളയുമെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, മാളില്‍ അതിക്രമം കാട്ടിയത് തങ്ങളല്ലെന്നും  പുറത്ത് നിന്ന് എത്തിയവരാണെന്നും പരിസരവാസികളും ആരോപിക്കുന്നു.

ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോളും വലിയ തിരക്കാണ് മാളില്‍ അനുഭവപ്പെടുന്നത്. താങ്ങാവുന്നതിലധികം ആളുകള്‍ ഒരേസമയം കയറിയതിനാല്‍ മാളിലെ എസ്കലേറ്ററുകള്‍ പോലും പല സമയത്തും പണി മുടക്കിയെന്ന് സോഷ്യല്‍ മീഡിയയിലെ കുറിപ്പുകളില്‍ കാണാം. അതേസമയം ഉദ്ഘാടന ദിവസം ചെറിയൊരു വിഭാഗം ആളുകളില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റത്തിന്റെ പേരില്‍ കടുത്ത നടപടികളിലേക്ക് മാള്‍ അധികൃതര്‍ കടക്കില്ലെന്നാണ് സൂചന.

Read also:  500 കോടി നിക്ഷേപം! യൂസഫലി വാഗ്ദാനം ചെയ്ത് മാസങ്ങൾ, 5 ലക്ഷം സ്ക്വയർഫീറ്റിൽ പുതിയ ലുലു മാൾ തെലങ്കാനയിൽ റെഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!