യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച; എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡിജിസിഎ

By Web Team  |  First Published Nov 23, 2023, 9:48 AM IST

വിമാനം വൈകിയപ്പോള്‍ അത് ബാധിക്കുന്ന യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യം ഏര്‍പ്പെടുത്താതിരിക്കുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് പിഴ ചുമത്തുന്നതിലേക്ക് നയിച്ചത്.


ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ ഉള്‍പ്പെടെ വീഴ്ച വരുത്തിയതിയത് എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ. ഇത്തവണ പത്ത് ലക്ഷം രൂപയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴ ചുമത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സെക്ടറുകളില്‍ ബിസിനസ് ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ആ സേവനം നല്‍കാത്ത മറ്റ് സീറ്റുകള്‍ നല്‍കിയതിന് നഷ്ടപരിഹാരം നല്‍കാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് നടപടിയിലേക്ക് എത്തിച്ചത്.

ഡല്‍ഹി, കൊച്ചി, ബംഗളുരു വിമാനത്താവളങ്ങളില്‍ ഡിജിസിഎ സംഘം സന്ദര്‍ശനം നടത്തി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം പരിശോധിച്ചു. വിമാന കമ്പനികള്‍ക്ക് ബാധകമായ ചട്ടങ്ങളായ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് (സി.എ.ആര്‍) കമ്പനി പാലിക്കുന്നില്ലെന്ന് ഈ പരിശോധനയില്‍ കണ്ടെത്തി. ഇക്കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് നവംബര്‍ മൂന്നാം തീയ്യതി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എയര്‍ ഇന്ത്യയ്ക്ക് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു.

Latest Videos

undefined

ചട്ടങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഷോകോസ് നോട്ടീസിന് എയര്‍ ഇന്ത്യ നല്‍കിയ മറുപടിയിലും വ്യക്തമാവുന്നതായി ഡിജിസിഎ ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിമാനം വൈകിയപ്പോള്‍ അത് ബാധിക്കുന്ന യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യം ഏര്‍പ്പെടുത്താതിരിക്കുക, ഗ്രൗണ്ട് സ്റ്റാഫില്‍ ചിലര്‍ക്ക് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശീലനം നല്‍കുന്നതില്‍ വീഴ്ച, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ആ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സീറ്റുകള്‍ നല്‍കിയ ശേഷം അതിന് നഷ്ടപരിഹാരം നല്‍കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്താക്കുറിപ്പില്‍ ഡിജിസിഎ പറയുന്നു. നിയമലംഘനങ്ങള്‍ക്കുള്ള പിഴയായി 10 ലക്ഷം രൂപ ചുമത്തിയെന്നാണ് ഔദ്യോഗിക അറിയിച്ചു.

അതേസമയം ഡിജിസിഎയുടെ പിഴ ലഭിച്ചതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ഔദ്യോഗിക വിശദീകരണമെന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷവും ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് പ്രകാരമുള്ള മാനദണ്ഡങ്ങല്‍ പാലിക്കാത്തതിനും യാത്രക്കാര്‍ക്ക് ബോര്‍ഡിങ് നിഷേധിച്ചതും ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് അന്ന് പിഴ ലഭിക്കാന്‍ കാരണമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!