ആധാർ സംവിധാനത്തിൽ പോരായ്മകൾ; ഇവ ചൂഷണം ചെയ്ത് നിരവധി തട്ടിപ്പുകൾ

By Web Team  |  First Published Mar 18, 2023, 11:30 AM IST

ഒന്നിലധികം ആധാർ കാർഡുകൾക്ക് ഒരേ ഫോട്ടോ. ആധാർ സംവിധാനത്തിലെ പോരായ്മകൾ തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നു. 
 


ദില്ലി: ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) സംവിധാനത്തിൽ നിരവധി പോരായ്മകളുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. സമീപകാലത്ത് ചില കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് ഈ പോരായ്മകൾ ദില്ലി  പൊലീസ് കണ്ടെത്തിയത്.

ആധാർ സേവനത്തെ വിവിധ രീതികളിൽ ചൂഷണം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഒരു ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ആധാർ വിവരങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി പൊലീസ് ചൂണ്ടിക്കാട്ടി. അതിൽ പ്രധാനമായി പറയുന്നത്, ആധാർ ഫേഷ്യൽ ബയോമെട്രിക്സ് ഉപയോഗിച്ച് വ്യക്തത വരുത്തുന്നില്ല എന്നതാണ്. ഒരു കേസിൽ എല്ലാ ആധാർ കാർഡുകളിലെയും ഫോട്ടോകൾ ഒരേ വ്യക്തിയുടേതായിരിക്കുമ്പോഴും വ്യത്യസ്ത വ്യക്തികളുടെ പേരിൽ ആധാർ കാർഡ് കണ്ടെത്തിയെന്നും.  ഇതുപയോഗിച്ച് 12 ബാങ്ക് അക്കൗണ്ടുകൾ ഡിജിറ്റലായി തുറന്നത് അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കുന്നു.

Latest Videos

undefined

അങ്ങനെ, ഒന്നിലധികം ആധാർ കാർഡുകൾക്ക് ഒരേ ഫോട്ടോ സാധ്യമാണെന്ന് വ്യക്തമായി. ഓരോന്നിന്റെയും വിരലടയാളം വ്യത്യസ്തമാണെങ്കിലും ഫോട്ടോ അതേപടി തുടരുന്നിടത്ത് തട്ടിപ്പ് നടത്താൻ എളുപ്പമാണെന്ന് യുഐഡിഎഐയ്‌ക്കായി പോലീസ് തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു.മാത്രമല്ല, അന്വേഷണത്തിൽ, അഴിമതിക്കാർ അംഗീകൃത ഏജന്റുമാരുടെ ക്രെഡൻഷ്യൽ വിശദാംശങ്ങൾ ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. ഏജന്റുമാരുടെ ലാപ്‌ടോപ്പുകൾ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. 

യുഐഡിഎഐ പറയുന്നത് പ്രകാരം, അംഗീകൃത ഏജന്റുമാർക്ക് ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നോ സ്ഥലങ്ങളിൽ നിന്നോ മാത്രമേ ലോഗിൻ ചെയ്യാനോ പ്രവർത്തിക്കാനോ കഴിയൂ, അവരുടെ ജിപിഎസ് ലൊക്കേഷൻ സിസ്റ്റം ക്യാപ്‌ചർ ചെയ്യണം. ജിപിഎസ് സംവിധാനം മറികടക്കാൻ, തട്ടിപ്പുകാർ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ കോൺഫിഗർ ചെയ്‌ത ലാപ്‌ടോപ്പ് എടുത്തു. 

ഇതുകൂടാതെ, ഒരു വ്യക്തിയുടെ വിരലടയാളം തിരിച്ചറിയുന്നതിൽ പോലും പോരായ്മകൾ ഉണ്ട്. സിലിക്കൺ വിരലടയാളവും തത്സമയ വിരലടയാളവും തമ്മിൽ വേർതിരിച്ചറിയാൻ സിസ്റ്റത്തിന് കഴിയുന്നില്ല. ഇതോടെ തട്ടിപ്പ് നടത്തിയവർക്ക് വളരെ എളുപ്പത്തിൽ അംഗീകൃത ഏജന്റുമാർ നൽകിയ സിലിക്കൺ വിരലടയാളം ഉപയോഗിച്ച് യുഐഡിഎഐ സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞു.

പോലീസ് പറയുന്നതനുസരിച്ച്, യുഐഡിഎഐയുടെ ഡാറ്റാബേസിലേക്ക് 12 വ്യക്തികളുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും തട്ടിപ്പുകാർക്ക് കഴിഞ്ഞു. ഇത്തരത്തിൽ ആധാർ സംവിധാനത്തിലെ പോരായ്മകൾ വലിയ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുവെന്ന് പൊലീസ് പറയുന്നു 

click me!