10 വര്‍ഷം മുന്‍പ് മരിച്ച് പോയ അധ്യാപികയ്ക്ക് 7.56 കോടിയുടെ നികുതി നോട്ടീസ്, സംഭവിച്ചത് ഇത്...

By Web Team  |  First Published Aug 1, 2023, 9:47 AM IST

അധ്യാപികയായി ജോലി ചെയ്തിരുന്ന ഉഷാ സോണി കരള്‍ സംബന്ധിയായ അസുഖങ്ങളേ തുടര്‍ന്ന് 2013ലാണ് മരിച്ചത്. 


ഭോപ്പാല്‍: 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ വനിതയ്ക്ക് 7.56 കോടിയുടെ ടാക്സ് നോട്ടീസ്. മധ്യപ്രദേശിലാണ് ആദായ നികുതി വകുപ്പ് മരിച്ചുപോയ വനിതയ്ക്ക് നികുതി നോട്ടീസ് അയച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉഷാ സോണി എന്ന വനിതയുടെ കുടുംബം പരാതിയുമായി പൊലീസിനെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ബെതൂല്‍ പൊലീസ് സൂപ്രണ്ടിനാണ് ഉഷാ സോണിയുടെ കുടുംബം പരാതി നല്‍കിയത്.

2013ല്‍ മരിച്ചു പോയ ഉഷാ സോണിക്ക് 7.56 കോടി രൂപയുടെ ടാക്സ് നോട്ടീസ് ലഭിച്ചുവെന്നാണ് കുടുംബം വിശദമാക്കുന്നത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ ആദായ നികുതി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഉഷാ സോണിയുടെ പാന്‍ അക്കൌണ്ട് വിവരങ്ങള്‍ ഒരു ആക്രി വില്‍പന കമ്പനി 2017-18 കാലത്ത് ഉപയോഗിച്ചതായാണ് വിശദമാക്കുന്നത്. ആക്രി വില്‍പന നടത്തുന്ന സ്ഥാപനം മറ്റൊരു സ്ഥാപനവുമായി നടത്തിയ ഇടപാടിനാണ് ഉഷാ സോണിയുടെ പാന്‍ വിവരങ്ങള്‍ ഉപയോഗിച്ചത്. ഇതോടെ അനധികൃതമായി വനിതയുടെ പാന്‍ വിവരങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

Latest Videos

undefined

മധ്യപ്രദേശില്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന ഉഷാ സോണി കരള്‍ സംബന്ധിയായ അസുഖങ്ങളേ തുടര്‍ന്നാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഉഷ സോണിയുടെ മകനായ പവന്‍ സോണിക്ക് ഇത്ര വലിയ തുക അടയ്ക്കാനുള്ള കഴിവില്ലെന്നും കുടുംബം വിശദമാക്കുന്നു. സംഭവത്തില്‍ നടന്നതെന്താണെന്ന് കണ്ടെത്തി നികുതി നോട്ടീസിന് പരിഹാരം കാണണമെന്നും ഇവര്‍ പരാതിയില്‍ വിശദമാക്കുന്നു.

അതേസമയം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ഇന്നലെ അവസാനിച്ചിരുന്നു. നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരില്‍ നിന്ന് ഐ-ടി നിയമങ്ങൾ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961 - ലെ സെക്ഷൻ 234 എ യിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!