സാധനം വാങ്ങുമ്പോൾ ചാരിറ്റിക്ക് പണം പിരിക്കുന്നത് ഉൾപ്പെടെ 13 ഓണ്‍ലൈന്‍ 'കബളിപ്പിക്കലുകൾക്ക്' വിലക്ക്

By Web TeamFirst Published Dec 5, 2023, 1:10 PM IST
Highlights

പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ 'ഡാര്‍ക്ക് പാറ്റേണുകള്‍ക്ക്' കര്‍ശന വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാറിന്റെ നടപടി. ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഉപഭോക്താക്കളുടെ താത്പര്യ സംരക്ഷണം മുന്‍നിര്‍ത്തി നടപടി സ്വീകരിച്ചത്. ഓണ്‍ലൈന്‍ വ്യാപാര വെബ്‍സൈറ്റുകളില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും അവരുടെ തെരഞ്ഞെടുപ്പുകളെ തെറ്റായ രീതിയില്‍ സ്വാധീനിക്കാനും ലക്ഷ്യമിട്ട് നടക്കുന്ന 'കബളിപ്പിക്കല്‍' ശ്രമങ്ങളാണ് ഡാര്‍ക്ക് പാറ്റേണുകള്‍ എന്നതിലൂടെ ഉദ്ദേശിക്കുന്നത്.

പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നുകൊണ്ട് സര്‍ക്കാര്‍ അടുത്തിടെ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. രാജ്യത്തെ ഉത്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകള്‍ക്കും പരസ്യദാതാക്കള്‍ക്കും വില്‍പനക്കാര്‍ക്കും ഒരുപോലെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണെന്ന് ഈ ചട്ടങ്ങളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കും. തെറ്റായ വ്യാപാര രീതികള്‍ ഇക്കാര്യത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

Latest Videos

ഉപഭോക്താക്കളെ വഴിതെറ്റിക്കാനോ കബളിപ്പിക്കാനോ ലക്ഷ്യമിട്ടുള്ളതും യഥാര്‍ത്ഥത്തില്‍ അവര്‍ വാങ്ങാന്‍ ഉദ്ദേശിക്കാത്ത ഒരു ഉത്പന്നം വാങ്ങിപ്പിക്കാനോ ചെയ്യാന്‍ ഉദ്ദേശിക്കാത്ത കാര്യം ചെയ്യിക്കാനോ ലക്ഷ്യമിട്ടുള്ളതുമായ പ്രവൃത്തികളെയാണ് ഡാര്‍ക്ക് പാറ്റേണുകളായി നിര്‍വചിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ സ്വതന്ത്ര തീരുമാനത്തെയും തീരുമാനമെടുക്കാനുള്ള നടപടികളെയും തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്ന കാര്യങ്ങള്‍ ഇതില്‍ വരും. 13 ഡാര്‍ക്ക് പാറ്റേണുകളാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നിര്‍വചിച്ചിട്ടുള്ളത്.

സാധനങ്ങള്‍ക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ചുകൊണ്ട്  ഉപഭോക്താക്കളെക്കൊണ്ട് അതിനായി തിടുക്കം കാണിപ്പിക്കുക, ഒരു ഉത്പന്നം വാങ്ങുന്ന ആളെക്കൊണ്ട് ആ സാധനത്തിന്റെ വിലയേക്കാല്‍ കൂടുതല്‍ പണം കൊടുത്ത് അധികം സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന 'ബാസ്കറ്റ് സ്നീക്കിങ്', സേവനങ്ങള്‍ സബ്‍സ്ക്രൈബ് ചെയ്യിപ്പിക്കുക തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടും. 

സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താവിന്റെ അനുമതിയില്ലാതെ ചാരിറ്റിക്കായോ സംഭാവനയായോ അതിനോടൊപ്പം ഒരു തുക കൂട്ടിച്ചേര്‍ക്കലും ഡാര്‍ക്ക് പാറ്റേണില്‍ വരും. ഒരു സാധനമോ സേവനമോ വാങ്ങുമ്പോള്‍ അതുമായി ബന്ധമില്ലാത്ത മറ്റൊരു സാധനം വാങ്ങാനോ മറ്റേതെങ്കിലും സേവനം സബ്‍സ്ക്രൈബ് ചെയ്യാനോ നിര്‍ബന്ധിക്കുന്നതും നിയമവിരുദ്ധമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!