ശൗര്യ/ഡിഫന്‍സ് ക്രെഡിറ്റ് കാര്‍ഡ് ഒഴികെയുള്ള എല്ലാ സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളുടെയും ഫിനാന്‍സ് ചാര്‍ജുകളിലും എസ്ബിഐ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്
ചില ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഫീസ് നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ കാര്‍ഡ്സ്. യൂട്ടിലിറ്റി ബില്‍ പേയ്മെന്‍റുകള്‍ക്കും ഫിനാന്‍സ് ചാര്‍ജുകള്‍ക്കും ഉള്‍പ്പെടെയാണ് നിരക്കുകള്‍ കൂട്ടിയിരിക്കുന്നത്. ഡിസംബര്‍ 1 മുതല്‍, ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള യൂട്ടിലിറ്റി ബില്‍ പേയ്മെന്‍റുകള്‍ക്ക് എസ്ബിഐ കാർഡ്സ് ഒരു ശതമാനം അധിക ചാര്‍ജ് ഈടാക്കും. വൈദ്യുതി, ഗ്യാസ്, വെള്ളം, മറ്റ് യൂട്ടിലിറ്റി സേവനങ്ങള്‍ എന്നിവയ്ക്കുള്ള പേയ്മെന്‍റിനാണ് ഈ അധിക ചാര്‍ജ് ബാധകമാവുക. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കുമ്പോള്‍ ഒറ്റ സ്റ്റേറ്റ്മെന്‍റില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള യൂട്ടിലിറ്റി ബില്‍ പേയ്മെന്‍റുകള്‍ക്കാണ് 1 ശതമാനം അധിക ചാര്‍ജായി എസ്ബിഐ ഈടാക്കുന്നത്. അതേ സമയം എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള യൂട്ടിലിറ്റി ബില്‍ പേയ്മെന്‍റ് 50,000 രൂപയില്‍ കുറവാണെങ്കില്‍, അധിക നിരക്കുകളൊന്നും ഈടാക്കില്ല. ടെലിഫോണ്‍, മൊബൈല്‍, വൈദ്യുതി ബില്ലുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ചാരിറ്റബിള്‍ സംഭാവനകള്‍, ഡിടിഎച്ച് സേവനങ്ങള്‍, ഇന്‍റര്‍നെറ്റ് മുതലായവയെല്ലാം യൂട്ടിലിറ്റി ബില്ലുകള്‍ക്ക് കീഴില്‍ വരുന്നവയാണ്. ബാങ്കിന്‍റെ പുതുക്കിയ ഫീസ് ഘടനയുടെ ഭാഗമാണ് ഈ മാറ്റം.
ഫിനാന്‍സ് ചാര്‍ജ് പ്രതിമാസം 3.50 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായി പുതുക്കിയിട്ടുണ്ട്. ഇത് നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്‍റിന്‍റെ പലിശയും പിഴയും മറ്റ് നിരക്കുകളും ഉള്‍പ്പെടെ, കാര്‍ഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളുടെയും ആകെത്തുകയാണ് ഫിനാന്‍സ് ചാര്‍ജ്.
ശൗര്യ/ഡിഫന്‍സ് ക്രെഡിറ്റ് കാര്‍ഡ് ഒഴികെയുള്ള എല്ലാ സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളുടെയും ഫിനാന്‍സ് ചാര്‍ജുകളിലും എസ്ബിഐ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 3.75% ഫിനാന്‍സ് ചാര്‍ജ് ആണ് ഈടാക്കുക. ഇത് നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. സെക്യൂരിറ്റി ഡെപ്പോസിറ്റോ ഈടുകളോ നല്‍കേണ്ടതില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളാണ് സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ . ഏതെങ്കിലും സെക്യൂരിറ്റി അടിസ്ഥാനമായി എടുക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളാണ് സുരക്ഷിത ക്രെഡിറ്റ് കാര്‍ഡുകള്‍. ഉദാഹരണത്തിന്, സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ നല്‍കിയ ക്രെഡിറ്റ് കാര്‍ഡുകള്‍ സുരക്ഷിത ക്രെഡിറ്റ് കാര്‍ഡുകളാണ്.