ജൂലൈ- സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ചൈനയില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പന 3 ശതമാനം കുറഞ്ഞിരുന്നു. അതേ സമയം ചൈനയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ മൊത്തത്തിലുള്ള വില്‍പന 2.5 ശതമാനം കുറഞ്ഞിട്ടുണ്ട്.
ചൈനീസ് മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഉയിര്‍ത്തെഴുന്നേറ്റ ഹുവാവേ തങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. കഴിഞ്ഞ പാദത്തില്‍ മികച്ച വില്‍പനയാണ് ഹുവാവേ നേടിയത്. അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ഹുവാവെ സ്വന്തമായി പുതിയ ചിപ്പ് വികസിപ്പിച്ചിരുന്നു. ഇതുപയോഗിച്ച് പുറത്തിറക്കിയ മേറ്റ് 60 പ്രോ വിപണിയില്‍ തരംഗമാവുകയും ചെയ്തു.ഓഗസ്റ്റ് അവസാനത്തോടെ പുറത്തിറക്കിയ ഫോൺ ആദ്യ ആറ് ആഴ്ചകൾക്കുള്ളിൽ വിൽപ്പന 1.6 മില്യൺ യൂണിറ്റിലെത്തി. ഇതോടെയാണ് ചൈനീസ് വിപണിയില്‍ ആപ്പിളിന്‍റെ അധീശത്വം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയത്.
ചൈനയിലെ പട്ടണങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അഞ്ച് സ്മാര്‍ട്ട്ഫോണുകളില്‍ നാലെണ്ണവും തങ്ങളുടേതാണെന്ന് ആപ്പിള്‍ ചീഫ് എക്സിക്യുട്ടീവ് ടിം കുക്ക് അവകാശപ്പെട്ടു. മൊത്തത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി ചുരുങ്ങുകയാണെങ്കിലും തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ജൂലൈ- സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ചൈനയില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പന 3 ശതമാനം കുറഞ്ഞിരുന്നു. അതേ സമയം ചൈനയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ മൊത്തത്തിലുള്ള വില്‍പന 2.5 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് പാദങ്ങളില്‍ മൂന്നെണ്ണത്തിലും ആപ്പിളിന്‍റെ വില്‍പന താഴേക്കാണ്.
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹുവാവെ, 2019 ൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ കാരണം പ്രതിസന്ധിയിലായിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ പിന്‍വലിച്ചും, ആന്‍ഡ്രോയ്ഡ് പിന്തുണ പിന്‍വലിച്ചും ആയിരുന്നു ഹുവാവേയ്ക്കെതിരായ നീക്കം. 5ജി പങ്കാളി എന്ന നിലയില്‍ പല അമേരിക്കന്‍ കമ്പനികളും സഹകരണം അവസാനിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹുവാവെ സ്വന്തം ചിപ്പ് വികസിപ്പിച്ച് വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നത്