അക്കൗണ്ട് ഉടമയ്ക്ക് ആവശ്യമായ സമയം നൽകാതെ ബാങ്കുകൾക്ക് ഒരു അക്കൗണ്ട് തട്ടിപ്പ് അക്കൗണ്ടാണെന്ന് പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് 2023 മാർച്ചിലെ സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.
വായ്പ തിരിച്ചടയ്ക്കാത്തവരുടെ അക്കൗണ്ടുകൾ “തട്ടിപ്പ് അക്കൗണ്ടുകൾ” എന്ന് തരംതിരിക്കുന്നതിന് മുമ്പ് വായ്പയെടുത്തവർക്ക് മതിയായ സമയം നൽകാൻ ബാങ്കുകളോടും മറ്റ് ധനകാര്യ സ്ഥാപനങ്ങളോടും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. ഇത്തരം അക്കൗണ്ട് ഉടമകൾക്ക് ബാങ്കുകൾ കാരണം കാണിക്കൽ നോട്ടീസ് നൽകണം, അതിൽ അക്കൗണ്ട്, തട്ടിപ്പ് അക്കൗണ്ടാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള മുഴുവൻ വിശദാംശങ്ങളും ഉണ്ടായിരിക്കണമെന്ന് ആർബിഐ നിർദേശിച്ചു. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ 21 ദിവസത്തിൽ കുറയാത്ത സമയം നൽകണമെന്നും റിസർവ് ബാങ്ക് ഉത്തരവിൽ പറയുന്നു.
അക്കൗണ്ട് ഉടമയ്ക്ക് ആവശ്യമായ സമയം നൽകാതെ ബാങ്കുകൾക്ക് ഒരു അക്കൗണ്ട് തട്ടിപ്പ് അക്കൗണ്ടാണെന്ന് പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് 2023 മാർച്ചിലെ സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ആർബിഐ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത് . വായ്പ എടുത്തവരെ ഓഡിറ്റ് റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിയിക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ധനകാര്യ സ്ഥാപനങ്ങളുടെ ബോർഡ് മൂന്ന് വർഷത്തിലൊരിക്കൽ അവരുടെ റിസ്ക് മാനേജ്മെന്റ് നയം അവലോകനം ചെയ്യണം. തട്ടിപ്പ് കേസുകൾ നിരീക്ഷിക്കാനും തുടർനടപടികൾ സ്വീകരിക്കാനും അനുവദിക്കുന്ന ബോർഡിൽ നിന്ന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. റിസ്ക് മാനേജ്മെന്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഡാറ്റ അനലിറ്റിക്സ്, മാർക്കറ്റ് ഇന്റലിജൻസ് യൂണിറ്റ് എന്നിവ ഉറപ്പാക്കാനും റിസർവ് ബാങ്ക് നിർദേശിച്ചു.
റിസ്ക് മാനേജ്മെന്റ് സംവിധാനങ്ങളും ചട്ടക്കൂടുകളും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ റീജിയണൽ റൂറൽ ബാങ്കുകൾ, റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ എന്നിവയ്ക്കും പുതിയ നിർദ്ദേശങ്ങൾ ബാധകമാകുമെന്ന് ആർബിഐ കൂട്ടിച്ചേർത്തു.