മാർച്ച് 24-നകം ഈ നിർണായക ചുമതല പൂർത്തിയാക്കിയില്ലെങ്കിൽ ഉപഭോക്താക്കൾക്ക് നഷ്ടം സംഭവിച്ചേക്കാം.
ദില്ലി: 2023 മാർച്ച് 24-ന് മുമ്പ് കെവൈസി വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ. ഇതിനെ സംബന്ധിച്ചുള്ള അറിയിപ്പ് എസ്എംഎസ് വഴി ബാങ്ക് ഉപഭോക്താക്കൾക്ക് നൽകി കഴിഞ്ഞു. ഉപഭോക്താക്കൾ അവരുടെ അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച് ആവശ്യമായ രേഖകൾ സമർപ്പിക്കണം. ഒരു ഉപഭോക്താവ് അവരുടെ കെവൈസി വിവരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനോ ലൈഫ് ഇൻഷുറൻസ് വാങ്ങുന്നതിനോ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനോ പോലെയുള്ള വ്യത്യസ്ത ആവശ്യങ്ങൾക്കായി അവർ വീണ്ടും പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല.
വിവിധ സാമ്പത്തിക സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് കെവൈസി വിവരങ്ങൾ നൽകേണ്ടതായി വരും. ഇത് ഒഴിവാക്കി പകരം ഒറ്റത്തവണ നൽകുന്ന പ്രക്രിയയാണ് സെൻട്രൽ കെവൈസി അഥവാ സി കെവൈസി. സെൻട്രൽ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷൻ അസറ്റ് റീകൺസ്ട്രക്ഷൻ ആൻഡ് സെക്യൂരിറ്റി ഇൻററസ്റ്റ് ഓഫ് ഇന്ത്യയാണ് സെൻട്രൽ കെവൈസി നിയന്ത്രിക്കുന്നത്. കൂടാതെ ഉപഭോക്താവിന്റെ കെവൈസി സംബന്ധമായ വിവരങ്ങൾ മാത്രമേ ഈ നമ്പറിലൂടെ ലഭിക്കൂ.
2023 മാർച്ച് 24-ന് മുമ്പ് സെൻട്രൽ കെവൈസി പൂർത്തിയാക്കാൻ ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. കെവൈസി പ്രോസസ്സ് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം. അതിനാൽ, ഇതുവരെ സി കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഭാവിയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എത്രയും വേഗം നടപടി പൂർത്തിയാക്കാൻ ബാങ്ക് നിർദേശിക്കുന്നു