ധനസമാഹരണത്തിന് ഒരുങ്ങി ആകാശ എയർ. ജുൻജുൻവാല കുടുംബത്തിന്റെ ഓഹരികൾ കുറഞ്ഞേക്കും.
ദില്ലി: അന്തരിച്ച ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ ധന സമാഹരണത്തിന് ഒരുങ്ങുന്നു. തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനായി ഇക്വിറ്റി ഓഹരികൾ വഴി 75 മുതൽ 100 മില്യൺ ഡോളർ വരെ എയർലൈൻ സമാഹരിക്കും. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം ആകാശ എയർ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിന്റെ വിതരണത്തിന് മുൻപ് വിമാന കമ്പനികൾക്ക് പേയ്‌മെന്റുകൾ നടത്താൻ ഈ ഫണ്ട് എയർലൈൻ ഉപയോഗിക്കും. 2 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾക്കാണ് ആകാശ ഓഡർ നൽകിയിട്ടുള്ളത്. ഇതിൽ 19 എണ്ണം ഡെലിവറി ചെയ്തു കഴിഞ്ഞിട്ടുണ്ട്.
പണം സ്വരൂപിക്കുന്നതിനായി, ആകാശ എയർ, ഉയർന്ന ആസ്തിയുള്ള വ്യക്തികളെയും നിക്ഷേപകരെയും സ്ഥാപനങ്ങളെയും സമീപിച്ചിട്ടുണ്ട്. 650 മില്യൺ ഡോളർ മൂല്യമുള്ള ആകാശ എയറിന്റെ മൂല്യനിർണ്ണയം ഒരു മാനദണ്ഡമായി നിലനിർത്തി മൂലധനം സമാഹരിക്കാനാണ് പദ്ധതി. യുഎസ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് എയർലൈനിലെ ഓഹരികൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ 6 ശതമാനം ഓഹരിയാണ് കമ്പനിക്കുള്ളത്.
undefined
ധനസമാഹരണം പൂർത്തിയാകുമ്പോൾ, കമ്പനിയുടെ മേലുള്ള ജുൻജുൻവാല കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉലച്ചിലുണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ആകാശ എയറിൽ ജുൻജുൻവാല കുടുംബത്തിന് ഏകദേശം 46 ശതമാനം ഓഹരിയുണ്ട്. ധനസമാഹരണം നടത്തുന്നതോടെ ഇത് കുറയും. എന്നാൽ എയർലൈനിലെ ഏറ്റവും വലിയ ഓഹരി ഉടമ എന്ന നിലയിൽ കുടുംബം അതിന്റെ സ്ഥാനം നിലനിർത്തും എന്നാണ് റിപ്പോർട്ട്.
നാല് ശതമാനം വിപണി വിഹിതമാണ് നിലവിൽ, ആകാശ എയറിനുള്ളത്. ഈ വർഷാവസാനത്തോടെ വലിയ വിമാന കരാറിലേക്കും എയർലൈൻ കടന്നേക്കും എന്ന് എയർലൈൻ സിഇഒ വിനയ് ദുബെ നേരത്തെ പറഞ്ഞിരുന്നു.