ആകാശം കീഴടക്കാൻ ആകാശ എയർ; ഇനി പറക്കാം ഇവിടേക്ക്

By Web Team  |  First Published Dec 8, 2023, 4:50 PM IST

ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ് തുടങ്ങിയ സ്ഥലങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മിഡിൽ ഈസ്റ്റിലും തെക്കുകിഴക്കൻ ഏഷ്യയിൽ  ഉടനീളവും സർവീസ് വികസിപ്പിക്കാനും ആകാശ എയറിന് പദ്ധതിയുണ്ട്.


രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് കരുത്ത് പകർന്ന് ഉടൻ തന്നെ അന്താരാഷ്ട്ര സർവീസ് തുടങ്ങാനുള്ള പദ്ധതിയുമായി ആകാശ എയർ. മിഡിൽ ഈസ്റ്റിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും പ്രധാന സ്ഥലങ്ങളിലേക്ക് സർവീസ് തുടങ്ങാനാണ് പദ്ധതി. സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ സർക്കാരുകളുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ആകാശ. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കുന്നതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  ആകാശ എയർ സിഇഒ വിനയ് ദുബെ പറഞ്ഞു . ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ് തുടങ്ങിയ സ്ഥലങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മിഡിൽ ഈസ്റ്റിലും തെക്കുകിഴക്കൻ ഏഷ്യയിൽ  ഉടനീളവും സർവീസ് വികസിപ്പിക്കാനും ആകാശ എയറിന് പദ്ധതിയുണ്ട്. 2022 ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ 20 വിമാനങ്ങൾ സർവീസിനായി ആകാശ രംഗത്തിറക്കിയിരുന്നു.അന്താരാഷ്ട്ര സർവീസുകൾക്ക് യോഗ്യത നേടുന്നതിന് എയർലൈനുകൾക്ക് കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.

കഴിഞ്ഞ ആറ് മാസത്തിനിടെ ആകാശ എയർ തങ്ങളുടെ പൈലറ്റുമാരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.150-ലധികം പൈലറ്റുമാരെ ടീമിൽ ഉൾപ്പെടുത്തിയതോടെ ആകെ എണ്ണം 500-ലധികം ആയി.ഏതാനും മാസങ്ങൾക്ക് മുമ്പ്  പൈലറ്റുമാർ രാജിവച്ച് മറ്റ് എയർലൈനുകളിൽ ചേർന്നതോടെ ആകാശ പ്രതിസന്ധിയിലായിരുന്നു.   പൈലറ്റുമാർക്കെതിരെ ആകാശ കേസ് ഫയൽ ചെയ്തതോടെ   അതിനുശേഷം  പൈലറ്റുമാരുടെ രാജികളൊന്നും ഉണ്ടായിട്ടില്ലെന്നും വിനയ് ദുബെ പറഞ്ഞു.

2027 പകുതിയോടെ 76 വിമാനങ്ങളുമായി സർവീസ് വിപുലീകരിക്കാനാണ് ആകാശയുടെ പദ്ധതി. കൂടുതലായി വിമാനങ്ങളെത്തിക്കുന്നതിന് പുതിയ ഓർഡർ നൽകുന്നതുമായി ബന്ധപ്പെട്ട് ജനുവരിയിൽ പ്രഖ്യാപനം ഉണ്ടായേക്കും. നിലവിലുള്ള വിമാനങ്ങളുടെ എണ്ണം  22ൽ നിന്ന്  മാർച്ചോടെ 25 ആക്കാനും അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് ആകാശ എയർ ലക്ഷ്യമിടുന്നത്.

click me!