അദാനി പോര്‍ട്സ് കമ്പനിയുടെ ഓഡിറ്റിങ് ചുമതല ഡിലോയിറ്റ് ഒഴിയുന്നതായി റിപ്പോര്‍ട്ട്

By Web Team  |  First Published Aug 11, 2023, 7:57 PM IST

അദാനി പോര്‍ട്സുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതിന്  ഡിലോയിറ്റ് താത്പര്യം പ്രകടിപ്പിച്ചതായും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍തന്നെ ഉണ്ടാവുമെന്നുമാണ് കമ്പനി വൃത്തങ്ങളില്‍ നിന്ന് തന്നെയുള്ള സൂചന. 


മുംബൈ: ഗൗതം അദാനിയുടെ പോര്‍ട്സ് ബിസിനസ് സ്ഥാപനമായ അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ ഓഡിറ്റിങ് നിര്‍വഹിക്കുന്ന പ്രമുഖ രാജ്യാന്തര സ്ഥാപനമായ ഡിലോയിറ്റ് സ്ഥാനമൊഴിയുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ അക്കൗണ്ടിങ് രീതികള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഓഡിറ്റ് നടത്തിയ സ്ഥാപനം അദാനിയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ അദാനി ഗ്രൂപ്പിനെ സംബന്ധിക്കുന്ന ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസെര്‍ച്ച് പുറത്തുവിട്ടിരുന്നു.

നിലവില്‍ അദാനി പോര്‍ട്സിന്റെ ഓഡിറ്ററായി പ്രവര്‍ത്തിക്കുന്നത് ഡിലോയിറ്റ് ഹസ്‍കിന്‍സ് ആന്റ് സെല്‍സ് എല്‍എല്‍പിയാണ്. എന്നാല്‍ അദാനി പോര്‍ട്സുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതിന്  ഡിലോയിറ്റ് താത്പര്യം പ്രകടിപ്പിച്ചതായും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍തന്നെ ഉണ്ടാവുമെന്നുമാണ് കമ്പനി വൃത്തങ്ങളില്‍ നിന്ന് തന്നെയുള്ള സൂചന. എന്നാല്‍ ഇരു കമ്പനികളില്‍ നിന്നും ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. 

Latest Videos

undefined

അദാനി പോര്‍ട്സും മറ്റ് മൂന്ന് സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഡിലോയിറ്റ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ഇടപാടുകള്‍ നിയമപ്രകാരമാണോ എന്ന് പരിശോധിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നായിരുന്നു ഡിലോയിറ്റ് അറിയിച്ചത്. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ എത്താനിരിക്കെയാണ് ഓഡിറ്റര്‍ സ്ഥാനത്തുനിന്ന് ഡിലോയിറ്റ് ഒഴിയാനൊരുങ്ങുന്നത്. എന്നാല്‍ ഹിന്‍ഡെന്‍ബര്‍ഗ് ആരോപണങ്ങളില്‍ അല്‍പം പോലും വാസ്‍തവമില്ലെന്ന നിലപാട് അദാനി ഗ്രൂപ്പ് തുടരുകയാണ്.

Read also: ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ? ആവശ്യമായ രേഖകള്‍ എന്തെല്ലാം? യുഎഇയിലേക്ക് ഇനി യാത്ര എളുപ്പം

tags
click me!