മാലിന്യത്തിലെ വലിയ സാധ്യത; ആക്രി ആപ് നഗരവാസികള്‍ക്ക് അനുഗ്രഹമായി മാറിയത് ഇങ്ങനെ

By Web Team  |  First Published Aug 15, 2023, 9:37 PM IST

പ്രതീക്ഷിക്കാത്ത തരത്തിലുള്ള വലിയ വിജയമാണ് ആക്രി ആപിന് നേടാനായത്. മാലിന്യപ്രശ്നങ്ങളാല്‍ പൊറുതിമുട്ടിയ ജനങ്ങളുടെ വലിയ പിന്തുണ ലഭിച്ചു. 


മാലിന്യ സംസ്‍കരണം വലിയ പ്രശ്നമായി മാറുന്ന കാലമാണിത്. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ഉറവിടത്തില്‍ തന്നെ വേര്‍തിരിച്ച് സംസ്‍കരിക്കാനുള്ള ശ്രമങ്ങള്‍ ഒരുപരിധി വരെ നഗരങ്ങളിലെങ്കിലും സാധ്യമാവുമ്പോള്‍ തീരെ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ബയോമെഡിക്കല്‍ മാലിന്യങ്ങളാണ്. ഉപയോഗിച്ച ഡയപ്പറുകള്‍, സാനിറ്ററി പാഡുകള്‍, പിപിഇ കിറ്റ്, മാസ്ക്, ഗ്ലൗസ്, കാലാവധി കഴിഞ്ഞ മരുന്നുകള്‍, സിറിഞ്ചുകള്‍ തുടങ്ങിയവയെല്ലാം ബയോമെഡിക്കല്‍ മാലിന്യങ്ങളില്‍ ഉള്‍പ്പെടും. നിലവില്‍ ഇത് തദ്ദേശസ്വയം ഭരണ സ്ഥാപങ്ങള്‍ ശേഖരിക്കുന്നില്ല. ഈ സാഹചര്യം ഉപയോഗപ്പെടുത്തി വിജയകരമാക്കിയ ഒരു സംരംഭമാണ് ആക്രി ആപ്. അതേസമയം തന്നെ കൊച്ചിക്കാര്‍ക്ക് അത് അനുഗ്രഹമായി മാറുകയും ചെയ്തു.

സങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ വീടുകളില്‍ നിന്ന് ആക്രി സാധനങ്ങള്‍ ശേഖരിച്ച് വേര്‍തിരിക്കുകയും അവ സംസ്‍കരണ കേന്ദ്രങ്ങള്‍ക്ക് കൈമാറുകയും ചെയ്യുന്ന തരത്തിലായിരുന്നു 2019ല്‍ ആക്രി ആപ്പിന് തുടക്കം കുറിച്ചത്. ഇതിന് പുറമെ പുനഃചംക്രമണം സാധ്യമാവാത്ത സാധനങ്ങള്‍ കൂടി ശേഖരിക്കാന്‍ കഴിയുന്ന തരത്തില്‍ അന്ന് പദ്ധതിയുണ്ടായിരുന്നുവെന്ന് സ്ഥാപകന്‍ ചന്ദ്രശേഖര്‍ പറയുന്നു. 2020ല്‍ ആപ് പുറത്തിറക്കി. ആക്രി സാധനങ്ങളിലായിരുന്നു ശ്രദ്ധ. മറ്റ് തരത്തിലുള്ള മാലിന്യങ്ങള്‍ ശേഖരിക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി ഉള്‍പ്പെടെ അന്ന് ആവശ്യമായിരുന്നു. ചെറിയ രീതിയില്‍ തുടങ്ങിയ സംരംഭത്തിന് ആദ്യ ഘട്ടത്തില്‍ തന്നെ വലിയ സ്വീകരണം ലഭിച്ചു. ഓരോ ആറ് മാസവും ജീവനക്കാരുടെയും വാഹനങ്ങളുടെയും എണ്ണം കൂട്ടാനും വിപുലീകരിക്കാനും കഴിഞ്ഞു

Latest Videos

undefined

കൊച്ചിയില്‍ തുടങ്ങിയ ആക്രി ആപ്പിന് ആദ്യ ഘട്ടത്തില്‍ ഏറെ വെല്ലുവിളികളും നേരിടേണ്ടി വന്നു. ലോജിസ്റ്റിക്സ് പ്രതിസന്ധികളായിരുന്നു ഏറെയും. ആറ് മാസത്തിന് ശേഷം ആപ്ലിക്കേഷന്‍ പരിഷ്കരിച്ചു. ഭക്ഷ്യ മാലിന്യങ്ങളും ബയോമെഡിക്കല്‍ മാലിന്യവും ശേഖരിക്കാനുള്ള സംവിധാനങ്ങളുമായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായും സംസ്കരണ കേന്ദ്രവുമായും ധാരണയിലെത്തി. മാലിന്യ ശേഖരണത്തിന് ശ്ചിത നിരക്ക് ഈടാക്കുന്നുണ്ട്. ആളുകള്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന രീതിക്ക് ക്രമേണ മാറ്റം വന്നു. ഇവ സംസ്കരണ പ്ലാന്റിലെത്തിച്ച് ശാസ്ത്രീയമായി സംസ്‍കരിക്കാന്‍ തുടങ്ങി. 

കളമശേരി മുനിസിപ്പാലിറ്റിയുമായിട്ടായിരുന്നു ആദ്യ സഹകരണം. കഴിഞ്ഞ വര്‍ഷം മുതല്‍ മുനിസിപ്പാലിറ്റിയില്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. ആദ്യ ദിവസങ്ങളില്‍ രണ്ടോ മൂന്നോ കിലോ മാലിന്യം മാത്രം സംഭരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് പ്രതിദിനം മൂന്ന് ടണ്ണിനടുത്ത് മാലിന്യം വീടുകളില്‍ നിന്ന് ശേഖരിക്കുന്നുണ്ട്. തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകളുമായും ധാരണയിലെത്തിയിട്ടുണ്ട്. മറ്റ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായും ചര്‍ച്ചകള്‍ നടക്കുന്നു. ദക്ഷിണേന്ത്യയിലെ മറ്റ് നഗരങ്ങളിലും വ്യാപിപിക്കാനുള്ള ശ്രമം നടക്കുന്നു.

പ്രതീക്ഷിക്കാത്ത തരത്തിലുള്ള വലിയ വിജയമാണ് ആക്രി ആപിന് നേടാനായത്. മാലിന്യപ്രശ്നങ്ങളാല്‍ പൊറുതിമുട്ടിയ ജനങ്ങളുടെ വലിയ പിന്തുണ ലഭിച്ചു. ചന്ദ്രശേഖര്‍ കണ്ടെത്തിയ സ്വന്തം ഫണ്ടില്‍ നിന്നായിരുന്നു പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ അതിന്റേതായ പ്രയാസങ്ങളുണ്ടായി. എന്നാല്‍ കാലക്രമേണ അതെല്ലാം തരണം ചെയ്ത് ഇന്ന് 47ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്ന വലിയ സംരംഭമായി ആക്രി ആപ് വളര്‍ന്നു. ആപിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുമ്പോഴും പരമാവധി ഈ സേവനം ഉപയോഗപ്പെടുത്തി ഇതിന് പിന്തുണ നല്‍കണമെന്നാണ് ചന്ദ്രശേഖറിന് പൊതുജനങ്ങളോട് പറയാനുള്ളത്.

Read also: 90,000 സ്റ്റാർട്ടപ്പുകൾ, ആഗോളതലത്തിൽ മൂന്നാം സ്ഥാനം; ലോകത്തിന് മുൻപിൽ സ്റ്റാർട്ടപ്പ് ഹബ്ബായി ഇന്ത്യ

click me!